കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി. പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടി യുവതിയെ വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തി കാറിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചു എന്നതാണ് സിപിഒ വിജേഷിനെതിരെയുള്ള പരാതി. യുവതി എതിർത്തിട്ടും കാറിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഹാർബർ പോലീസിന് ലഭിച്ച പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. തുടർന്നാണ് വിജേഷിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. വിജേഷിനെതിരെ മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ട്. ഡിസിപിയുടെ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് അറിയുന്നത്.
