ന്യൂഡല്‍ഹി : സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലർമാരെ സുപ്രീം കോടതി നിയമിയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അദ്ധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റികള്‍ വീണ്ടും യോഗം ചേരും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മെറിറ്റ് അടിസ്ഥാനമാക്കി മുന്‍ഗണന തയ്യാറാക്കാനാണ് യോഗം ചേരുന്നത്.
സാങ്കേതിക സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയത് ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ്. ഡോ. നിലോയ് ഗാംഗുലി (പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഐഐടി ഖരഗ്പൂര്‍) ഡോ. വി.എന്‍. അച്യുത നായ്കന്‍ (പ്രൊഫസര്‍, റിലൈബിലിറ്റി എന്‍ജിനീയറിങ് സെന്റര്‍, ഐഐടി ഖരഗ്പൂര്‍) ഡോ. അവിനാഷ് കുമാര്‍ അഗര്‍വാള്‍ (ഡയറക്ടര്‍, ഐഐടി ജോധ്പൂര്‍) ഡോ. ബിനോദ് കുമാര്‍ കനൗജിയ (ഡയറക്ടര്‍, ബി ആര്‍ അംബേദ്കർ എന്‍ഐടി ജലന്ധര്‍) എന്നിവരായിരുന്നു സമിതിയിലെ മറ്റുനാല് അംഗങ്ങള്‍. ഇതില്‍ ഡോ. നിലോയ് ഗാംഗുലി, വിഎന്‍ അച്യുത നായ്കന്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളും, മറ്റുരണ്ടുപേര്‍ ചാന്‍സലറുടെ നോമിനികളുമായിരുന്നു.
ഡോ. ടി ആര്‍ ഗോവിന്ദരാജന്‍ ( വിസിറ്റിംഗ് പ്രൊഫസര്‍, മദ്രാസ് സര്‍വ്വകലാശാല) ഡോ. എസ് ചാറ്റര്‍ജി ( റിട്ടയേഡ് പ്രൊഫസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്) ഡോ. മുകുള്‍ എസ് എസ് ( ഡയറക്ടര്‍, ഐഐഐടി, അലഹബാദ്) ഡോ. വി കാമകോടി, (ഡയറക്ടര്‍, ഐഐടി മദ്രാസ്) എന്നിവരാണ് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റിയില്‍ ജസ്റ്റിസ് ദുലിയക്ക് പുറമെയുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. ഡോ മുകുള്‍ എസ് എസ്, ഡോ വി കാമകോടി എന്നിവര്‍ ചാന്‍സലറുടെ നോമിനിയും, മറ്റുരണ്ടുപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളുമായിരുന്നു
