തൃശൂർ: തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തുവരുന്നത് നിരവധി ക്രമക്കേടുകളാണ്. തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആരോപിക്കുന്നു. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആർ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയിൽ ചേർക്കപ്പെട്ടു എന്ന കാര്യം ഇന്നലെയാണ് താൻ കണ്ടെത്തിയതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു
ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ് കെആർ ഷാജി. വരവൂർ പഞ്ചായത്തിലെ നടത്തറയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കുമുൾപ്പെടെ വോട്ട് അവിടെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് വരവൂർ പഞ്ചായത്തിലായിരുന്നു. എന്നാൽ 2024ൽ വോട്ട് പൂങ്കുന്നത്തായിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റ് ഇൻലാൻഡ് ഫ്ലാറ്റിൽ 1119,1121വോട്ടായി ചേർത്തതായി കണ്ടെത്തിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. ഇതിന്റെ അർത്ഥം ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനിൽ കുമാർ വെളിപ്പെടുത്തി.
തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്‍റുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് വ്യക്തമാക്കി.
തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയും രംഗത്തെത്തിയിരുന്നു. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ഒമ്പത് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. 4 സി ഫ്ലാറ്റിൽ തന്നെ കൂടാതെ ഒമ്പത്പേരുടെ വോട്ടുകൂടി ചേർത്തുവെന്ന് പ്രസന്ന അശോകൻ പറയുന്നു. പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകൻ വെളിപ്പെടുത്തി. ഫ്‌ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു.