മുംബൈ : കൃത്യനിര്‍വ്വഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടിയിൽ വിവാദം കൊഴുക്കുന്നു. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു.
ഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഒരു എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കെണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയാതെ വന്നതിനാല്‍ തന്റെ നമ്പരിലേക്ക് വിളിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഉപമുഖ്യമന്ത്രി ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
“നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്‌സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു” എന്നും അജിത് പവാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതായും പറയുന്നു.
അതിനിടെ, വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.