കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേരളത്തിൽ വനിതാ മന്ത്രിക്ക് നേരെ ഇത്രയും നികൃഷ്ടമായ കാര്യം ഉണ്ടാകുന്നത് ആദ്യമായാണ്. കേരളത്തിൽ എല്ലായിടത്തും അക്രമത്തിന് ശ്രമമുണ്ടായിട്ടും പോലീസ് സംയമനം പാലിച്ചു. കണ്ണൂർ സംഭവത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാടെന്താണെന്ന് ടിപി രാമകൃഷ്ണൻ ചോദിച്ചു.
എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നുവെന്നും മന്ത്രിക്കെതിരായ ആക്രമണം ജനാധിപത്യ കേരളത്തിന് കളങ്കമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ആക്രമണം ആസൂത്രിതമാണോയെന്ന് പോലീസ് കണ്ടെത്തട്ടെയെന്നും അദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മാറുന്നു. ജനങ്ങൾ യുഡിഎഫിന് എതിരാകുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
കണ്ണൂരിൽ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് പ്രതിഷേധത്തിൻ്റെ പരമ്പര തനെയായിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുത്തപ്പോഴെല്ലാം കെ എസ് യു വിൻ്റേയും യൂണ് കോൺഗ്രസിൻ്റേയും യൂത്ത് ലീഗിൻ്റെയും പ്രതിഷേധങ്ങൾ നേരിട്ട ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വീണ്ടും കെഎസ്‌യുവിന്റെ പ്രതിഷേധവും അക്രമവും ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
