ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ ‘ഇ-ടങ്’, ‘ഇ-നോസ്’ മെഷീനുകൾ വരുന്നു. അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്ന് 3.5 കോടി രൂപ വിലവരുന്ന ഈ രണ്ട് മെഷീനുകൾ ഇറക്കുമതി ചെയ്യുന്നത്. ആന്ധ്രാപ്രദേശ് സർക്കാരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) ചേർന്നാണ് ലാബ് സ്ഥാപിക്കുന്നത്.
ഇ-മൂക്ക്, ഇ-നാക്ക് (ഇ-ടങ്, ഇ-നോസ്) മെഷീനുകൾ ഉപയോഗിച്ച് നെയ്യിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താനാകും. നെയ്യ്, കശുവണ്ടി, ഏലക്ക, പഞ്ചസാര ഉൾപ്പെടെ പ്രസാദനിർമ്മാണത്തിന് ഉപയോഗിക്കുന്ന 60-ഓളം അസംസ്‌കൃത വസ്തുക്കൾ ഇവിടെ പരിശോധിക്കും. കൂടാതെ ഭക്ഷണത്തിലെ കീടനാശിനികൾ, ലോഹങ്ങൾ, ആന്റിബയോട്ടിക് അംശങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുന്ന 50-ഓളം ആധുനിക ഉപകരണങ്ങളും ലാബിലുണ്ടാകും.
2024 ഒക്ടോബർ 8-ന് ന്യൂഡൽഹിയിൽ സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ലാബ് സ്ഥാപിക്കുന്നത്. തിരുമലയിലെ നവീകരിച്ച 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് നില കെട്ടിടത്തിലാണ് ലാബ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിക്കായി അതോറിറ്റി 23 കോടി രൂപ അനുവദിച്ചു.
ഉയർന്ന നിലവാരത്തിലുള്ള 50 ഉപകരണങ്ങളോടുകൂടി സജ്ജീകരിക്കുന്ന ലബോറട്ടറി മൈക്രോബയോളജി, കെമിസ്ട്രി, സെൻസറി അനാലിസിസ് എന്നിവയിൽ പരിശോധനകൾ നടത്തും. ഭക്ഷണങ്ങളും വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകളിലെ 200-ലേറെ തരത്തിലുള്ള കീടനാശിനി അവശിഷ്ടങ്ങൾ, ഹെവി മെറ്റൽസ്, മൈക്രോബുകൾ, ആന്റിബയോട്ടിക് സൂചനകൾ എന്നിവയും കണ്ടെത്താൻ ഇവിടെ കഴിയും. ടിടിഡിയുടെ വെള്ളവും പ്രസാദം സാമ്പിളുകളും സ്ഥിരമായി പരിശോധിക്കും. ആരോഗ്യവകുപ്പിലെയും തിരുമല തിരുപ്പതി ദേവസ്ഥാനം ജീവനക്കാരിലെയും ഏകദേശം 40 പേർ ലാബ് നിയന്ത്രിക്കും
അടുത്ത മാസം പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ മെയ് മാസത്തോടെ എല്ലാ ഉപകരണങ്ങളും സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വൈ സത്യകുമാർ യാദവ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ അത്യാധുനിക ലാബാണിത്.
2024-ൽ, തിരുമലയിൽ നെയ്യ് അഴിമതി നടന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയിരുന്നു. തുടർന്ന്, സുപ്രീം കോടതി ഈ ആരോപണത്തിലെ സത്യാവസ്ഥ കണ്ടെത്താൻ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. SIT റിപ്പോർട്ട് പ്രകാരം, 2019 മുതൽ 2024 വരെ പ്രസാദ നിർമ്മാണത്തിലേക്ക് ഏകദേശം 250 കോടി രൂപ വില വരുന്ന വ്യാജ നെയ്യ് എത്തിച്ചതായി കണ്ടെത്തി. നിരവധി വർഷങ്ങളായി വൻതോതിൽ ഈ നെയ്യ് വിതരണം ചെയ്തു.
കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ചേർന്ന് നടത്തിയ ഈ അന്വേഷണത്തിൽ മുൻ തിരുമല ക്ഷേത്ര ഭരണസമിതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും വാങ്ങൽ രേഖകൾ പരിശോധിക്കുകയും ചെയ്തു. ഈ വിഷയം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദവും സൃഷ്ടിച്ചു. ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി (ടിഡിപി) മുൻ വൈ എസ് ജഗൻമോഹൻ റെഡ്ഡി സർക്കാരിനെ ദുര്‍വ്യവസ്ഥയും ഭക്ഷ്യഗുണനിലവാര ലംഘനവും നടത്തിയതായി ആരോപിച്ചപ്പോൾ, പ്രതിപക്ഷ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) ഈ ആരോപണങ്ങൾ നിഷേധിക്കുകയും തിരിച്ചും ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയും SIT കണ്ടെത്തലുകൾ പരിശോധിക്കാൻ ഏകാംഗ കമ്മിറ്റിയെ നിയോഗിച്ചതിൽ സംസ്ഥാനത്തെ വിമർശിക്കുകയും ചെയ്തു.
