കൊച്ചി : വിവരസാങ്കേതികവിദ്യാ രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് കൊച്ചിയിൽ ഒരു പുതിയ ഐടി തൊഴിലിട സംവിധാനം ആരംഭിക്കുന്നു. കേരള സർക്കാരിൻ്റെ നൂതന സംരംഭമായ ‘i by Infopark’ എന്ന ഫ്ലെക്സിബിൾ വർക്ക് സ്പേയ്സ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവര്‍ത്തനസജ്ജമായി. ഇത്തരത്തിലുള്ള ഒരു ഐടി വൈവിധ്യ മാതൃക സംസ്ഥാനത്ത് ആദ്യമായാണ് ഒരുങ്ങുന്നത്.
തൊഴിലിട രൂപകല്‍പ്പനയില്‍ ആഗോള തലത്തില്‍ സ്വീകരിക്കപെട്ടുവരുന്ന ‘സ്‌പെക്ട്ര’ എന്ന ന്യൂറോഡൈവേഴ്സിറ്റി-സൗഹൃദ ആശയത്തിൽ ഊന്നിയാണ് ഈ സംവിധാനത്തിന്റെ ഓരോ നിലയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 48,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 582 സീറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, 100% പവർ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രൊഫഷണൽ റിസപ്ഷൻ, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകൾ തുടങ്ങിയ വിപുലമായ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാൻ സഹായിക്കുന്ന വാടക വ്യവസ്ഥകളാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.
ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി./ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിജയകരമാകുന്ന മുറയ്ക്ക്, സംസ്ഥാനത്തുടനീളം സമാനമായ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ ആസൂത്രണം ചെയ്യുന്നു.