ടെഹ്റാൻ : അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) മുന്നറിയിപ്പ്. ഇറാൻ്റെ ഇന്ധന കേന്ദ്രങ്ങൾക്കോ തുറമുഖങ്ങൾക്കോ നേരെ ചെറിയ തോതിലുള്ള ആക്രമണം ഉണ്ടായാൽ പോലും അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഖാതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഈ തിരിച്ചടി ഇറാൻ്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയ്ക്കും അവരുടെ പാശ്ചാത്യ സഖ്യകക്ഷികൾക്കും താല്പര്യമുള്ള മേഖലയിലെ എല്ലാ എണ്ണ-വാതക കേന്ദ്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമെന്ന ആശങ്ക ശരിവെക്കുന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങൾ.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൂടുതൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്റെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ടാൽ വെറും മുപ്പത് മിനിറ്റിനുള്ളിൽ പശ്ചിമേഷ്യൻ മേഖല മുഴുവൻ ഇരുട്ടിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
“ട്വീറ്റുകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ല. ഈ വലിയ തെറ്റായ കണക്കുകൂട്ടലിന് നിങ്ങളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല,” എന്നും ലാരിജാനി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. സുരക്ഷിത സ്ഥാനങ്ങൾ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഇരുട്ട് അവസരമൊരുക്കുമെന്നും അദ്ദേഹം പരിഹസിച്ചു
നേരത്തെ, ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക പൂർണ്ണമായും തകർത്തുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ പുറത്തുവരുന്നത്.
ശത്രുരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി പറഞ്ഞുതങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധമാണിതെന്നും ഇനി ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്ത് രവാഞ്ചി പറഞ്ഞു. അയൽരാജ്യങ്ങളിലെ അമേരിക്കൻ ആസ്തികളും സൈനിക താവളങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ നേരത്തെ തന്നെ അയൽരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.
