മലപ്പുറം: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ്. കാപ്പ കേസ് പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ മുഹമ്മദ് റോഷൻ ആണ് വിവാദപോസ്റ്റിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. ദൃശ്യങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് പോലീസ് ഭാഷ്യം. നിലവിൽ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നു.
ജനുവരി 31-ന് ആണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. മൊയീനലി തങ്ങളെ അവ്യക്തമായ ചില ചിത്രങ്ങൾ കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്‌ഐആറിൽ പോലിസ് പറയുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ്
അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
