കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23, 24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം സ്ക്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
23 വ്യാഴാഴ്ച കോട്ടയം ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌ക്കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം.
24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌ക്കൂൾ അധികാരികൾ കൃത്യമായ അറിയിപ്പ് നൽകണമെന്ന് അധികൃതർ അറിയിച്ചു.
ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതിന് ജില്ലാ കളക്ടർ നിരോധം ഏർപ്പെടുത്തി.
കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി എത്തുന്ന പാലാ സെന്റ് തോമസ് കോളേജിൽ എല്ലാവിധ സുരക്ഷാ നടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.