പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ നിലനിൽക്കെ തന്നെ, പാലക്കാട് വീണ്ടും മറ്റൊരു കോൺഗ്രസ് നേതാവിനെതിരെയും പീഢന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെതിരെയാണ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതിയുടെ പരാതി. നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് സി വൽസൻ. മുഖ്യമന്ത്രി പിണറായി വിജയനും പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന തനിക്ക് ജോലി വാഗ്ദാനം ചെയ്തും സൗഹൃദം സ്ഥാപിച്ചും പലതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ ആരോപണം. പ്രശോഭ് സി വൽസൻ്റെ പിതാവ് നേരത്തെ തന്നോട് മോശമായി പെരുമാറിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രശോഭ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായ വരുമാനമില്ലാത്ത തനിക്ക് ജോലി ശരിയാക്കി തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. സുഹൃത്തുക്കൾ ആരുമില്ലാത്ത സമയത്ത് തന്റെ മുറിയിലെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്.
പിന്നീട് ജില്ലാ ആശുപത്രിക്ക് സമീപം കാറിലും ഹോട്ടലിലും വെച്ച് പീഡനം തുടർന്നതായും പരാതിയിലുണ്ട്. താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കഴിക്കാൻ ഇയാൾ നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി. എംഎൽഎമാരും എംപിമാരുമായി അടുത്ത ബന്ധമുള്ള സ്വാധീനശക്തിയുള്ള വ്യക്തിയാണ് പ്രശോഭ് എന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറയുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായും ഉടൻ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. പ്രഷോഭ് സി വൽസൻ നിലവിൽ ഒളിവിലാണെന്നാണ് സൂചന. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ലെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് ഈ പുതിയ പീഡന പരാതി. സംഭവത്തിൽ കടുത്ത പ്രതികരണവുമായി പാലക്കാട്ടെ എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ രംഗത്തെത്തി. “പാലക്കാട് മണ്ഡലത്തിൽ നിരവധി രാഹുൽ മാങ്കൂട്ടത്തിൽമാരുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിക്കുന്നത്.” ഈ കേസിലും അത്തരമൊരു നീക്കം അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടും നടപടി വൈകുന്നതിനെക്കുറിച്ച് വിശദീകരണം തേടാൻ ജില്ലാ പോലീസ് മേധാവിയെ കാണുമെന്നും അവർ അറിയിച്ചു. വടകര എംപി ഷാഫി പറമ്പിലിനെതിരെയും ശോഭ സുരേന്ദ്രൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള വ്യക്തികളെ വളർത്തുന്നത് ഷാഫി പറമ്പിലാണെന്ന് അവർ കുറ്റപ്പെടുത്തി.
