6 പേരെ കൊലപ്പെടുത്തിയെന്ന പ്രതിയുടെ കുറ്റസമ്മതം, ഞെട്ടി പോലീസ്, പിന്നെ നാട്ടുകാരും ; രാവിലെ തുടങ്ങിയ കൊലപാതക പരമ്പരയ്ക്കായി അഫാൻ സഞ്ചരിച്ചത് 34 കിലോമീറ്റർ, കീഴടങ്ങിയത് വൈകിട്ട് 7 മണിക്ക്

Date:

തിരുവനന്തപുരം: രാത്രി ഏഴുമണിയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി അഫാന്റെ കുറ്റസമ്മതം. ആറു പേരെ കൊലപ്പെടുത്തിയെന്ന മൊഴി കേട്ട പോലീസുകാർ ഞെട്ടി, ആദ്യം വിശ്വസിച്ചില്ല. കൊല നടത്തിയ സ്ഥലങ്ങളും ആളുകളുടെ പേരുകളും വ്യക്തമായി പറഞ്ഞതോടെ പോലീസ് പരിശോധനക്കിറങ്ങി.

മൂന്നു വീടുകളിലായി ഞെട്ടിക്കുന്ന അഞ്ചു കൊലപാതകങ്ങൾ നടന്നിട്ടും അയൽക്കാർപോലും അറിഞ്ഞില്ലെന്നത് പോലീസിനേയും അത്ഭുതപ്പെടുത്തി. ചുറ്റികകൊണ്ടുള്ള അടിയേറ്റ്‌ തല പൊട്ടിപ്പൊളിഞ്ഞിട്ടും നിലവിളിപോലും പുറത്തുവന്നില്ല. മൂന്നു വീടുകളുടെയും സമീപത്തായി നിരവധി വീടുകളുണ്ടായിട്ടും പോലീസും ആംബുലൻസും എത്തുമ്പോഴാണ് കൊലപാതകവിവരം സമീപവാസികൾ അറിയുന്നത്.

അഫാൻ്റെ മൊഴിയനുസരിച്ച് പോലീസ് ആദ്യം വെഞ്ഞാറമൂട് പേരുമലയിലെ അഫാന്റെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ പൂട്ടു തകർത്താണ് പോലീസ് അകത്തുകയറിയത്. ഗ്യാസ് സിലിൻഡർ ഓഫ് ചെയ്ത ശേഷമാണ് പോലീസ് പരിശോധനയാരംഭിച്ചത്. വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റു വികൃതമായ നിലയിലാണ് മൂന്നുപേരെ കണ്ടെത്തിയത്. ഇതിൽ ഒൻപതാം ക്ലാസുകാരൻ അഫ്‌സാൻ്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകൾ വിതറിയ നിലയിലായിരുന്നു. സ്വീകരണമുറിയിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്‌സാന്റെ മൃതദേഹം. അടുത്ത മുറിയിലാണ് ഷെമി പരിക്കേറ്റു കിടന്നത്. ഇവർ കണ്ണു തുറക്കുന്നതു കണ്ടാണ് പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചത്. മുകളിലത്തെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടത്.

കൊലപാതകങ്ങൾ നടന്ന വീടുകളിൽ ഒന്നിൽനിന്നുപോലും അസ്വാഭാവികമായ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്. പേരുമലയിലെ വീട്ടിൽനിന്ന്‌ പോലീസ് സ്റ്റേഷനിലേക്കു പോയപ്പോൾ അഫാൻ വീട് ഭദ്രമായി പൂട്ടി. ഗ്യാസ് സിലിൻഡർ തുറന്നുവിട്ട ശേഷമായിരുന്നു പോലീസിൽ കീഴടങ്ങി കുറ്റസമ്മതം നടത്താൻ സ്റ്റേഷനിലേക്കെത്തിയത്.

നിശ്ചയിച്ചുറപ്പിച്ച കൊലപാതകങ്ങൾ നടത്താൻ അസാമാന്യമായ മന:ശക്തിയോടെ അഫാൻ എന്ന 23-കാരൻ സഞ്ചരിച്ചത് മുപ്പത്തിനാലോളം കിലോമീറ്റർ.  സ്വന്തം വീടായ പേരുമലയിൽനിന്ന്‌ അച്ഛന്റെ മാതാവ്‌ സൽമാ ബീവിയെ കൊലപ്പെടുത്താൻ കല്ലറ പാങ്ങോട്ടേക്ക് ആദ്യയാത്ര. പതിന്നാല്‌ കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തി അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്നു. പിന്നീട് ഏഴ്‌ കിലോമീറ്റർ അകലെയുള്ള ചുള്ളാളത്തെ ബന്ധുക്കളായ ദമ്പതിമാരുടെ വീട്ടിലെത്തി അവരെയും കൊലപ്പെടുത്തി. തുടർന്ന്‌ പേരുമലയിലെ സ്വന്തം വീട്ടിലെത്തി മാതാവ്‌, സഹോദരൻ, പെൺസുഹൃത്ത് എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂർ സമയത്തിനിടെയാണ് അഫാൻ ആറുപേരെ ആക്രമിച്ചതെന്നാണ് പ്രാഥമികവിവരം.

പിന്നീട് സ്വന്തം വീടിനു സമീപത്തുനിന്ന്‌ ഓട്ടോയിലാണ്
അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് മുഖംപോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള മൃതദേഹങ്ങൾ പോലീസ്‌ കണ്ടെത്തിയത്. ചുറ്റികയുപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...