തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ (102) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 3.20 നാണ് മരണം സംഭവിച്ചത്.
അനാരോഗ്യത്തെ തുടർന്ന് 2019 മുതൽ വി എസ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലായിരുന്നു. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ദേശീയ കൗൺസിലിൽ നിന്ന് പുറത്തുപോയി 1964 ൽ സിപിഐ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 സ്ഥാപകരിൽ ജീവിച്ചിരുന്ന അവസാനത്തെയാളാണ് വിഎസ് എന്നറിയപ്പെടുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 2006 ൽ, 82 ആം വയസ്സിൽ കേരളത്തിൽ സിപിഐ (എം) അധികാരത്തിലെത്തിയപ്പോൾ സംസ്ഥാനത്തിന്റെ കടിഞ്ഞാൺ വഹിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വിഎസ് സമാനതകളില്ലാത്ത സംഭാവന നൽകി. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചു. പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്.
ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങിയിരുന്നു. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
1923 ഒക്ടോബർ 20 ന് ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അച്യുതാനന്ദന് നാല് വയസ്സുള്ളപ്പോൾ അമ്മയെയും 11 വയസ്സുള്ളപ്പോൾ അച്ഛനെയും നഷ്ടപ്പെട്ടു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, അദ്ദേഹം തന്റെ സഹോദരന്റെ തയ്യൽക്കടയിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട്, അദ്ദേഹം ഒരു കയർ ഫാക്ടറിയിൽ ജോലി ചെയ്തു, അവിടെ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ സംഘാടന വൈദഗ്ധ്യവും പോരാട്ടവീര്യവും ഇടതുപക്ഷ നേതാക്കൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രിയങ്കരനാക്കി. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (സിപിഐ) ചേർന്ന അദ്ദേഹം 1946-ൽ തിരുവിതാംകൂർ സംസ്ഥാന പോലീസിനെതിരായ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
1980 മുതൽ 1992 വരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അച്യുതാനന്ദൻ, 1985-ൽ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ, 1965 നും 2016 നും ഇടയിൽ 10 തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അച്യുതാനന്ദൻ ഏഴ് തവണ വിജയിച്ചു. 1998-ൽ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുന്നതിന് അദ്ദേഹം പിന്തുണച്ചെങ്കിലും 2000-ൽ ഇരുവരും വേർപിരിഞ്ഞു. ജനങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ പാർട്ടി നിർദ്ദേശങ്ങൾക്കെതിരെ അച്യുതാനന്ദൻ ധീരമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ വിള്ളലുകൾ വർദ്ധിച്ചു, ഇത് രണ്ട് നേതാക്കൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. 2009-ൽ, ‘അച്ചടക്കലംഘനം’ കാരണം അച്യുതാനന്ദനെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യുകയും പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
ആ പ്രായത്തിനനുസരിച്ചുള്ള മികച്ച അച്ചടക്കവും അപൂർവമായ യുവത്വത്തിന്റെ ഊർജ്ജസ്വലതയും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ 5 മണിക്ക് അദ്ദേഹം ഉണർന്ന് യോഗ പരിശീലിച്ചു. ഓഫീസിൽ പോകുന്നതിനുമുമ്പ് അദ്ദേഹം മിക്കവാറും എല്ലാ പത്രങ്ങളും വായിക്കുകയും പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. 90 വയസ്സിൽ അദ്ദേഹം ഹിന്ദി പഠിക്കുകയും പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ ഹിന്ദിയിൽ പ്രസംഗിക്കാൻ തുടങ്ങുകയും ചെയ്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മഴയുള്ള ഒരു പ്രഭാതത്തിൽ 5 മണിക്ക് വയനാട്ടിലെ മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ പൂർണ്ണ ആവേശത്തോടെ യോഗ പരിശീലിക്കുന്ന നേതാവിന്റെ ദൃശ്യങ്ങൾ അന്നത്തെ പത്രത്താളുകളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.