ഹൈക്കോടതി മാർഗ്ഗനിർദ്ദേശം മാനിച്ച് ആനയെ ഒഴിവാക്കി ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്

Date:

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയെ ഒഴിവാക്കി തൃപ്പൂത്താറാട്ടെഴുന്നള്ളിപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങളെ തുടർന്നാണ് എഴുന്നള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കിയത്.

ആനയെഴുന്നള്ളിപ്പിനു പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് വനംവകുപ്പ് ദേവസ്വം ബോർഡിനെയും ഉപദേശക സമിതി ഭാരവാഹികളെയും അറിയിച്ചിരുന്നു. തുടർന്ന് തൃപ്പൂത്താറാട്ടിന്റെ സവിശേഷ പ്രാധാന്യം ചൂണ്ടിക്കാട്ടി കളക്ടർ അദ്ധ്യക്ഷനായ നിരീക്ഷണ സമിതിക്ക് ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതിക്കായി ദേവസ്വം കത്തു നൽകി. എന്നാൽ, ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ഈ കത്ത് പരിഗണിച്ചില്ല. തുടർന്ന് ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദ്ദേശ പ്രകാരം ദേവിയുടെയും മഹാദേവന്റെയും എഴുന്നള്ളത്ത് ആനയെ ഒഴിവാക്കി നടത്തുകയായിരുന്നു. മലയാള വർഷത്തിലെ ചെങ്ങന്നൂർ ദേവിയുടെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു.

ഒരേ ശ്രീകോവിലിൽ പരസ്പരം അഭിമുഖമായി അർദ്ധനാരീശ്വര സങ്കല്പത്തിൽ വാഴുന്ന മഹാദേവനും പാർവ്വതിയുമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവി രജസ്വലയാകുന്നതും തുടർന്നുള്ള ആഘോഷങ്ങളും ആറാട്ടും നാടിന്‍റെ തന്നെ ഉത്സവമാണ്. ക്ഷേത്രത്തിലെ നിത്യ പൂജകളുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ ദേവി രജസ്വലയായ അടയാളങ്ങൾ കണ്ടാൽ തൃപ്പൂത്താറാട്ടിനുള്ള ആഘോഷങ്ങൾ തുടങ്ങുകയായി. ആദ്യ മൂന്നു ദിവസങ്ങൾ ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതാണ് പതിവ്. പടിഞ്ഞാറേ നടയാണിങ്ങനെ അടയ്ക്കുന്നത്. തുടർന്ന് ഈ കാലയളവിലേക്കായി ദേവിയുടെ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും.

തൃപ്പൂത്തായ ശേഷം നാലാം ദിവസമാണ് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. നാലാം ദിവസം ദേവിയെ ആഘോഷപൂർവ്വം മിത്രപ്പുഴയിൽ കൊണ്ടുപോയി ആറാട്ട് നടത്തും. ആറാട്ടിനു ശേഷം കടവിലെ കുളപ്പുരയിൽ ആനയിച്ചിരുത്തും. തുടർന്നാണ് ദേവിയെ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കുന്നത്. ഇതേ സമയം തിരിച്ചെത്തുന്ന ദേവിയെ സ്വീകരിക്കാനായി മഹാദേവനും എത്തും. കിഴക്കേ ആനക്കൊട്ടിലിലാണ് ദേവൻ്റെ കാത്തുനിൽപ്പ്. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ്. ശേഷം പടിഞ്ഞാറേ നട വഴി ദേവി അകത്തേയ്ക്ക് കയറും, മഹാദേവൻ കിഴക്കേ നടവഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമന്ത്രധ്വനികളുയർന്നു, ശബരിമല നട തുറന്നു ; ഇനി മണ്ഡല മകരവിളക്ക് ഉത്സവകാലം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00...

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...