ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ട്രംപ് പുന:പരിശോധിച്ചേക്കുമെന്ന് സൂചന. ഇന്ത്യക്കുമേൽ ചുമത്തിയ 50 % തീരുവയിൽ വൻ ഇളവ് വരുത്താനും ട്രംപ് തയ്യാറായേക്കുമെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിലുള്ള 50% തീരുവ 15 മുതൽ 16 ശതമാനം വരെ കുറച്ചേക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് തന്നുവെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപാരക്കരാറിന പുതു ജീവൻ നൽകുന്നത്. ഊർജ്ജവും കൃഷിയും മുൻനിർത്തിയാണ് കരാറിൻ്റെ രൂപം എന്നാണറിയുന്നത്.
ട്രംപുമായി സംസാരിച്ചുവെന്ന് നരേന്ദ്ര മോദിയും അറിയിച്ചു. എന്നാൽ എന്താണ് ചർച്ച എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഫോൺ വിളിച്ച് ദീപാവലി ആശംസ നേർന്നതിന് ഡോണാൾഡ് ട്രംപിന് നന്ദി എന്നായിരുന്നു മോദി എക്സിൽ കുറിച്ചത്.
യുക്രൈൻ- റഷ്യ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തതിൽ ഇന്ത്യ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യക്കുമേൽ തീരുവ ചുമത്തി. ആദ്യഘട്ടത്തിൽ 25 % തീരുവയായിരുന്ന ചുമത്തിയത്. എന്നാൽ ഇന്ത്യ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ വീണ്ടും 25% കൂടി വർദ്ധിപ്പിച്ച് 50 % ആക്കി ഉയർത്തുകയായിരുന്നു.