ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. മിഡിൽ ഈസ്റ്റിൽ അമേരിക്കയുമായി സഹകരിക്കുന്ന എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാൻ സായുധ സേനയുടെ മുന്നറിയിപ്പ്.
മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സംഘർഷത്തിൽ ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. അവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും നിലവിൽ കുതിച്ചുയരുന്ന ആഗോള എണ്ണവിലയെ നിയന്ത്രണാതീതമാക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്കിൽ യുഎസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ട വ്യാപാര കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ഇറാൻ ലക്ഷ്യമിടുന്നതിനാൽ സംഘർഷ സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്.
ഖാർഗ് ദ്വീപിൽ യു.എസ് സൈന്യം എല്ലാ സൈനിക ലക്ഷ്യങ്ങളും പൂർണ്ണമായും ഇല്ലാതാക്കിയതായും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകളിലൊന്നാണ് നടന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇറാൻ തുടർന്നാൽ ദ്വീപിന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഖാർഗ് ദ്വീപിൽ 15 ലധികം സ്ഫോടനങ്ങൾ കേട്ടെങ്കിലും യു.എസ് ആക്രമണങ്ങളിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും, ഇറാൻ ക്രൂഡ് കയറ്റുമതി തുടരുകയാണ്. അതേസമയം ഇറാനിയൻ ആക്രമണങ്ങളെ ഭയന്ന് മറ്റു നിരവധി ഗൾഫ് രാജ്യങ്ങൾ കയറ്റുമതി നിർത്തിവെച്ചിട്ടുണ്ട്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസ്താവനയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രതിജ്ഞയെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അയൽ രാജ്യങ്ങൾ അവരുടെ പ്രദേശത്തെ യു.എസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്നും അല്ലെങ്കിൽ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിൽ യു.എസ് ആക്രമണം.
പേർഷ്യൻ ഗൾഫിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് അതീവ തന്ത്രപ്രധാനമായ ഇടമാണ്. ഇറാൻ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പവിഴദ്വീപാണ് ഖാർഗ്. ഇത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ടർമിനലും നിർണ്ണായകമായ സാമ്പത്തിക ആസ്തിയുമാണ്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏതാണ്ട് മുഴുവൻ ഭാഗവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഏകദേശം 13.7 ദശലക്ഷം ബാരൽ എണ്ണയാണ് ഇറാൻ ഇവിടം വഴി കയറ്റുമതി ചെയ്തത്.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കുന്നതിലൂടെ ഇറാന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ ദ്വീപിനെ ആശ്രയിച്ചിരിക്കുന്നു. ഖാർഗ് ദ്വീപിന് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണവും ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇത് നിലവിലെ ഭരണകൂടത്തെ മാത്രമല്ല, ഭാവിയിൽ വരാനിരിക്കുന്ന ഏതൊരു സർക്കാരിനെയും പ്രതിസന്ധിയിലാക്കും. ഇറാന്റെ സാമ്പത്തിക നിലനിൽപ്പിന്റെ കേന്ദ്രമാണ് ഖാർഗ് ദ്വീപെന്ന് ഊർജ്ജ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ഗവൺമെന്റിനും സൈന്യത്തിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ ഈ ദ്വീപിന് വലിയ പങ്കുണ്ട്.
