വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് എഴുതിയ ജന്മദിന കത്ത് സംബന്ധിച്ച വാർത്തയുടെ പേരിൽ മാധ്യമ മുതലാളി റൂപർട്ട് മർഡോക്കിനും വാൾസ്ട്രീറ്റ് ജേണലിന്റെ മാതൃ കമ്പനികളായ ന്യൂസ് കോർപ്പിനും ഡൗ ജോൺസിനും എതിരെ 10 ബില്യൺ യുഎസ് ഡോളറിന് കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്.
2003-ൽ ട്രംപ് എപ്സ്റ്റീന് ജന്മദിന ആശംസകൾ അറിയിച്ച് കത്ത് അയച്ചതായി വാൾസ്ട്രീറ്റ് ജേണൽ വാർത്ത പ്രസിദ്ധീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മിയാമിയിലെ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡ ഫെഡറൽ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2019 ൽ ജയിൽ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് എപ്സ്റ്റീൻ നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
ഗിസ്ലെയ്ൻ മാക്സ്വെൽ സമാഹരിച്ച ഒരു ജന്മദിന ആൽബത്തിന്റെ ഭാഗമായിരുന്നതായി പറയപ്പെടുന്ന പ്രസ്തുത ആശംസയിൽ, ലൈംഗികത പ്രകടമാക്കുന്ന രീതിയിൽ ട്രംപിന്റെ ഒപ്പുള്ള ഒരു നഗ്നയായ സ്ത്രീയുടെ രേഖാചിത്രവും ‘അത്ഭുതകരമായ രഹസ്യങ്ങൾ’ പരാമർശിക്കുന്ന ഒരു കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ട് നിഷേധിച്ച ട്രംപ്, വാൾ സ്ട്രീറ്റ് ജേണൽ എപ്സ്റ്റീന് വേണ്ടി വ്യാജമായി എഴുതിയ ഒരു കത്താണിതെന്ന് ആരോപിച്ചു. “ഇത് എന്റെ വാക്കുകളല്ല, ഞാൻ സംസാരിക്കുന്ന രീതിയുമല്ല. കൂടാതെ, ഞാൻ ചിത്രങ്ങൾ വരയ്ക്കാറില്ല.” – ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ട്രംപ് വ്യക്തമാക്കി. തുടർന്ന് ട്രൂത്ത് സോഷ്യലിൽ തന്നെ ട്രംപ് പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പ് ഇങ്ങനെ – “ഇത് ഒരു തട്ടിപ്പാണെന്ന് ഞാൻ റൂപർട്ട് മർഡോക്കിനോട് പറഞ്ഞു. ഈ വ്യാജ വാർത്ത പ്രസിദ്ധീകരിക്കരുതെന്നും. പക്ഷേ അദ്ദേഹം അത് ചെയ്തു, ഇപ്പോൾ ഞാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മൂന്നാം ക്ലാസ് പത്രത്തിനും എതിരെ കേസ് കൊടുക്കാൻ പോകുന്നു.”
മർഡോക്ക് ഇക്കാര്യം പരിശോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും, പകരം അവർ തെറ്റായ, ക്ഷുദ്രകരമായ, അപകീർത്തികരമായ ഒരു കഥയുമായി മുന്നോട്ട് പോകുകയാണുണ്ടായതെന്നും ട്രംപ് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം WSJ-ക്കെതിരെ കേസെടുക്കുമെന്ന മുൻ ഭീഷണികൾക്ക് പിന്നാലെയാണ് ട്രംപിന്റെ നിയമനടപടി. “അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ‘ചവറുകൂന’ പത്രമായ WSJ-ക്കുമെതിരായ എന്റെ കേസിൽ റൂപർട്ട് മർഡോക്കിനെ സാക്ഷിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു രസകരമായ അനുഭവമായിരിക്കും.” ട്രംപ് കുറിച്ചു.