വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന് വിധേയമാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോകമെമ്പാടും ഇപ്പോൾ ഇത് ചർച്ചാ വിഷയമാണ്. ചൊവ്വാഴ്ച ഇറാനിൽ “പവർ പ്ലാന്റ് ദിനം”, “ബ്രിഡ്ജ് ദിനം” എന്നിവയായിരിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു രാജ്യത്തെ വൈദ്യുതി നിലയങ്ങൾ നശിപ്പിക്കപ്പെട്ടാൽ രാജ്യം മുഴുവൻ ഇരുട്ടിലാകും. ആശുപത്രികൾ അടച്ചുപൂട്ടപ്പെടും, വെള്ളം വിതരണം നിർത്തപ്പെടും, പാചകം നിർത്തപ്പെടും. പാലങ്ങൾ തകർന്നാൽ ഗതാഗതം തടസ്സപ്പെടും. ഇത് സാധാരണക്കാരുടെ ജീവിതത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ഇറാനെ ദോഷകരമായി ബാധിക്കുമെന്നും അവിടത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതം പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്.
ഹോർമുസ് തങ്ങളുടെ ശക്തിയാണെന്നും അത് ഒരു ആയുധമായി ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാൻ ഇതിനകം തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ട്രംപിൻ്റെ ഭീഷണിക്ക് മുൻപിൽ ഇറാൻ വഴങ്ങാനുള്ള സാദ്ധ്യതയും കുറവാണ്. ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച എന്ത് നടക്കുമെന്നാണ് മിഡിൽ ഈസ്റ്റ് അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.
