[ photo courtesy : ANI/X]
ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ സുരക്ഷയിലാണ് കപ്പലുകളുടെ യാത്ര. ഈ രണ്ട് കപ്പലുകൾക്ക് പുറമെ ഈ ആഴ്ച മൂന്ന് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കും. നേരത്തെ രണ്ട് കപ്പലുകൾ ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) ഇന്ത്യൻ തീരത്ത് എത്തിയിരുന്നു. കൂടുതൽ കപ്പലുകൾ എത്തുന്നതോടെ ഇന്ത്യയിലെ എൽപിജി ക്ഷാമം അവസാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ സൂചന നൽകുന്നത്.
നിലവിൽ ഹോർമുസ് കടലിടുക്കിൽ എൽപിജി വഹിക്കുന്ന കപ്പലുകൾ ഉൾപ്പെടെ ഇരുപതോളം കപ്പലുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മറ്റ് ആവശ്യവസ്തുക്കൾ എത്തിക്കുന്ന കപ്പലുകളും ഹോർമുസ് കടലിടുക്കിൽ ഉണ്ട്. ഇന്ത്യൻ കപ്പലുകൾക്ക് അനുമതിയുള്ളതിനാൽ കപ്പലുകൾക്ക് ഘട്ടം ഘട്ടമായി ഹോർമുസ് കടക്കാൻ സാദ്ധ്യമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ. ഈ ആഴ്ച അഞ്ച് കപ്പലുകളാകും ഹോർമുസ് കടലിടുക്ക് കടക്കുകയെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം നൂറുകണക്കിന് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനുശേഷം ശിവാലിക്, നന്ദാദേവി എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്ന് ഗുജറാത്തിൽ എത്തി. ഈ ആഴ്ച ആദ്യം ദ്രവീകൃത പെട്രോളിയം വാതകം വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയുള്ള രണ്ട് കപ്പലുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയും ഹോർമുസ് കടലിടുക്ക് കടന്നു. രണ്ട് കപ്പലുകളിലുമായി 92,612 ടൺ എൽപിജിയാണ് ഉണ്ടായിരുന്നതെന്ന് തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധം ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോർമുസ് കടലിടുക്കിനെ ബാധിച്ചു. എണ്ണ – വാതക ഉത്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങളെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. കൂടാതെ മൊത്തം ഊർജ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഹോർമുസ് പാതയിലൂടെയാണ് കടന്നുപോകുന്നത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച പറഞ്ഞിരുന്നു.
