തിരുവനന്തപുരം : 12 വർഷത്തിന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ തിരുവനന്തപുരത്തും അരങ്ങേറും. കാര്യവട്ടം സ്റ്റേഡിയം ഇതിനുള്ള വേദിയാകും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾക്കാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം തിരഞ്ഞെടുത്തത്. ഐപിഎൽ കിരീട നേട്ടത്തെ തുടർന്ന് നടന്ന സ്വീകരണാഘോഷത്തിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
സന്നാഹമത്സരങ്ങളും സെമിഫൈനലും ഉൾപ്പെടെ അഞ്ച് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക, ഒക്ടോബർ 26ന് ഇന്ത്യ–ബംഗ്ലദേശ് മത്സരങ്ങളാണ് കാര്യവട്ടത്തു നടക്കുക. ഒക്ടോബർ 30ന് രണ്ടാം സെമിഫൈനലിനും കാര്യവട്ടം വേദിയാകും. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റബർ 25, 27 തീയതികളിലാണ് സന്നാഹ മത്സരം.
ഇന്ത്യയിൽ അരങ്ങേറുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ട്രോഫി ടൂർ ഇന്നലെ മുംബൈയിൽ ആരംഭിച്ചിരുന്നു. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐസിസി ചെയർമാൻ ജയ് ഷാ തുടങ്ങിയവർ പങ്കെടുത്തു. ഇതിന് മുമ്പ് 1978, 1997, 2013 വർഷങ്ങളിലാണ് ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.
