ദൗര്‍ഭാഗ്യമേ നിന്റെ പേരോ സ്ത്രീ……..

Date:

ഋഷിരാജ് സിങ്, മുന്‍ ഡി.ജി.പി

സ്ത്രീയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും വൈകാരിക സംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത്, ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചലച്ചിത്രം. മലയാള ചലച്ചിത്രങ്ങളുടെ ആരാധകനായ മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് എഴുതുന്നു

ഹനത്തിന്റെ പ്രതീകമാണ് സ്ത്രീ. ഒരു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരിക സ്ത്രീകള്‍ക്കാണ്. ഒരു പക്ഷേ, സഹിക്കാനും ത്യജിക്കാനും ക്ഷമിക്കാനും ഇനി തെറ്റ് പറ്റുകയാണെങ്കില്‍ ക്ഷമ ചോദിക്കാനും സ്ത്രീകള്‍ക്കാണ് സഹജവാസനയുള്ളത്. സത്രീകള്‍ പുരുഷന്‍മാരേക്കാള്‍ വൈകാരികത കൂടുതലുള്ളവരാണെന്ന് പറയാം. സ്ത്രീ സഹജമായ ഈ വൈകാരികതയുടെ വിവിധ ഭാവങ്ങളാണ് ‘ഉള്ളൊഴുക്കി’ല്‍ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നത്. ഒരു അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബബന്ധവും അവര്‍ക്കിടയില്‍ സംഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു ‘ഉള്ളൊഴുക്ക്’ എന്ന ചലച്ചിത്രത്തില്‍ . അമ്മായിയമ്മ ( ലീലാമ്മ ) ആയി ഉര്‍വശിയും മരുമകള്‍ അഞ്ജുവായി പാര്‍വതിയും ഒന്നിനൊന്ന് മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നു.

ജീവിതത്തില്‍ ഇതുവരെ നേരിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെയും പ്രകൃതി ദുരന്തങ്ങളിലൂടെയുമാണ് കഥാപാത്രങ്ങള്‍ കടന്നുപോകുന്നതെങ്കിലും അവസാനം ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ എല്ലാവര്‍ക്കും സംതൃപ്തി പകരുന്ന, ശാന്തമായ തീരത്ത് സിനിമ പര്യവസാനിക്കുന്നു.

പ്രധാന കഥാപാത്രമായ ലീലാമ്മയുടെ വേഷത്തില്‍ ഉര്‍വ്വശി ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിരിക്കുന്നത് .അമ്മയുടെ മാനസിക ഭാവങ്ങള്‍, സ്വന്തം കുട്ടികളോടുള്ള സ്‌നേഹം, മകന്റെ കല്യാണം നടക്കുന്നതിനു വേണ്ടി പറയേണ്ട കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചത്, തെറ്റ് പറ്റിയപ്പോള്‍ ക്ഷമ ചോദിക്കാനുള്ള വലിയ മനസ്സ് തുടങ്ങിയവയിലൂടെയെല്ലാം ലീലാമ്മ എന്ന കഥാപാത്രത്തിന്റെ ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക് നമുക്ക് ബോധ്യമാകുന്നു. സിനിമ കാണുമ്പോള്‍ നമ്മള്‍ ഉര്‍വശിയെ മറന്നു പോകുന്നു, ലീലാമ്മ മാത്രമേ മനസ്സില്‍ അവശേഷിക്കൂ. ഈയടുത്ത കാലത്ത് മികച്ച അഭിനയം കാണാന്‍ സാധിച്ചു എന്നതാണ് സത്യം.

നിസ്സഹായതയുടെ പ്രതീകമാണ് തുടക്കത്തില്‍ പാര്‍വതിയുടെ അഞ്ജുവെന്ന കഥാപാത്രം. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം തകിടം മറിയുമ്പോള്‍ അവള്‍ ധീരയായി നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും.അര്‍ജുന്‍ രാധാകൃഷ്ണന്‍, പ്രശാന്ത്, അലന്‍സിയര്‍ എന്നിവരരെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കവും മഴയും ചലച്ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു. കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യം
ഒപ്പിയെടുത്ത ഷഹനാദ് ജലാലിന്‍രെ ക്യാമറ സിനിമയ്ക്ക് നല്‍കിയ.ദൃശ്യഭാഷ വിവരണാതീതമാണ്. കാലവര്‍ഷം കലിതുള്ളിനില്‍ക്കുന്ന കുട്ടനാടിനെ മറ്റൊരു സിനിമയിലും ഇതുപോലെ കാണാനാവില്ല. മനോഹരവും ചടുലവുമായ ദൃശ്യസന്നിവേശമാണ് മറ്റൊരു ഘടകം. രണ്ട് മണിക്കൂര്‍ സിനിമയില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം എഡിറ്റിംഗ് മികവിന്റെ കൂടി ഫലമാണ്. സുഷിന്‍ ശ്യാമിന്റെ പശ്ഛാത്തല സംഗീതം ഒരു ത്രില്ലര്‍ സിനിമയിലെന്നപോലെ മികച്ചുനില്‍ക്കുന്നു.

നവാഗത സംവിധായകനും തിരക്കഥാകൃത്തുമായ ക്രിസ്‌റ്റോ ടോമിയുടെ സിനിമാ പ്രവേശം ഒരു മികച്ച സിനിമയോട് കൂടിയായതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. പച്ചയായ ജീവിതം യഥാതഥമായി ചിത്രീകരിക്കാനും ആവിഷ്‌ക്കരിക്കാനും സംവിധായകന് സാധിച്ചിരിക്കുന്നു. . ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുക, പ്രതിസന്ധികള്‍ നേരിടുക, അതിജീവിക്കുക. ‘ഉള്ളൊഴുക്ക്’ പകര്‍ന്നു തരുന്നത് ഈ ജീവിതവീക്ഷണമാണ്. തീര്‍ച്ചയായും എല്ലാപേരും കുടുംബസമേതം കണ്ടിരിക്കേണ്ട സിനിമ. ഉള്ളിലേക്കാവാഹിക്കണം ‘ഉള്ളൊഴുക്കി’നെ .


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...