Sunday, February 8, 2026

‘മുഹമ്മദ് ദീപക്കി’ന് കേരളത്തിന്‍റെ ആദരം ; പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് ജോൺ ബ്രിട്ടാസ് എംപി

Date:

കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ബാബ’ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച ദീപക് കുമാറിന് കേരളത്തിൻ്റെ ആദരം. ബജ്‌റംഗ് ദൾ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്ലീം കച്ചവടക്കാരനെ രക്ഷിച്ച ദീപക്കിന്‍റെ വീട്ടിലെത്തി ജോൺ ബ്രിട്ടാസ് എം പി അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദീപക്കിനെ നേരിൽ കണ്ട് മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്‍റെ ആശംസകൾ നേരാനാണ് എത്തിയതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

ദീപക് കുമാർ എന്ന ‘മുഹമ്മദ് ദീപക്’ ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പ്രത്യാശാനാളമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മും മുഹമ്മദിന്‍റെ ബാബ തുണിക്കടയും എംപി സന്ദർശിച്ചു. കലാപകാരികളെ സംരക്ഷിച്ചുകൊണ്ട് ദീപക്കിനെതിരെ കേസെടുത്ത കോട്ട്ദ്വാർ സ്റ്റേഷനിൽ ശക്തമായ എതിർപ്പും ബ്രിട്ടാസ് രേഖപ്പെടുത്തി.

ഹിമാലയത്തിന്‍റെ താഴ്‌വാരമായ കോട്ട്ദ്വാറിൽ വന്ദ്യവയോധികനായ മുഹമ്മദിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക്ക് കുമാർ രംഗ പ്രവേശനം ചെയ്തത്. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടെയും സന്ദേശം പ്രസരിക്കേണ്ട റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു വർഗീയവാദികളുടെ ഈ അഴിഞ്ഞാട്ടം. നൂറ്റിയൻപതോളം വരുന്ന കാപാലികർക്ക് മുന്നിൽ നിസ്സഹായനായി നിന്ന മുഹമ്മദിന് രക്ഷകനായത് ദീപക് കുമാർ ഒറ്റയ്ക്കായിരുന്നു.

പ്രദേശത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമായ സിദ്ധബലി ബാബയുമായി മുഹമ്മദിൻ്റെ വ്യാപാരക്കടയുടെ പേരിന് സാമ്യമുണ്ടെന്നും, ഒരു മുസ്ലീം വ്യാപാരി ഈ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും ആരോപിച്ചാണ് ബജ്‌റംഗ് ദൾ പ്രവർത്തകർ രംഗത്തെത്തിയത്. കടയുടെ പേര് മാറ്റണമെന്ന പ്രവർത്തകരുടെ ആവശ്യം സംഘർഷത്തിലേക്കും തെരുവുപ്രതിഷേധങ്ങളിലേക്കും നയിച്ചു.

ജനുവരി 28ന് പ്രതിഷേധക്കാർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ വഷളായി. ഈ സമയത്താണ് ജിം ഉടമയായ ദീപക് കുമാർ എന്ന യുവാവ് ഇടപെടുന്നത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്ത ദീപക്, തന്റെ പേര് എന്താണെന്ന് ചോദിച്ചവരോട് ‘എന്‍റെ പേര് മുഹമ്മദ് ദീപക് എന്നാണ്’ എന്ന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദീപക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഹിന്ദുവായ താൻ തന്‍റെ മതത്തിൽ അഭിമാനിക്കുന്നുണ്ടെന്നും എന്നാൽ അതിനുമുമ്പ് താനൊരു ഇന്ത്യക്കാരനാണെന്നും ദീപക് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ജനങ്ങൾ പരസ്പരം ശത്രുക്കളായി കണ്ടാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. ഒടുവിൽ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം തർക്കം പരിഹരിച്ചു. ഷൊയ്ബിന്‍റെ കട ‘ബാബ’ എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...