[Photo Courtesy : X]
ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ഡൽഹി ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന സെൻഗാറിന്റെ ഹർജി കോടതി തള്ളി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസാണിത്.
വിചാരണ കോടതി വിധിച്ച 10 വർഷത്തെ കഠിന തടവ് ശിക്ഷ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുൽദീപ് സിംഗ് സെൻഗർ 2019 ൽ ഡൽഹി ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. താൻ വളരെക്കാലമായി ജയിലിലാണെന്നും ആരോഗ്യം വഷളാകുകയാണെന്നുമായിരുന്നു ഇയാളുടെ വാദം. പ്രമേഹം, തിമിരം, റെറ്റിന ഡിറ്റാച്ച്മെന്റ് തുടങ്ങിയ അസുഖങ്ങൾ ചൂണ്ടിക്കാട്ടി തിഹാർ ജയിലിന് പുറത്തുള്ള എയിംസിൽ ചികിത്സ തേടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അപ്പീൽ പരിഗണനയിലുള്ള കാലയളവിൽ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന സിആർപിസി സെക്ഷൻ 389 പ്രകാരമാണ് സെൻഗാർ ഈ ഹർജി സമർപ്പിച്ചത്.
ഹർജിയെ സിബിഐയും ഇരയും ശക്തമായി എതിർത്തു. തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കസ്റ്റഡി മരണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വളരെ ഗുരുതരമായ കേസാണിതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇരയെയും കുടുംബത്തെയും നിശബ്ദരാക്കുക എന്നതായിരുന്നു സെൻഗറിന്റെ ദൗത്യമെന്നും സിബിഐ വാദിച്ചു. അത്തരമൊരു പ്രതിക്ക് ആശ്വാസം നൽകുന്നത് നീതിക്ക് എതിരായിരിക്കുമെന്ന് ഇരയുടെ പക്ഷം വാദിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെ, എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം, ജസ്റ്റിസ് രവീന്ദർ ദുദേജ ചൊവ്വാഴ്ച വിധി പ്രസ്താവിക്കുകയും ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു.
ഉന്നാവോ ബലാത്സംഗ കേസിൽ കുൽദീപ് സിംഗ് സെൻഗർ ഇതിനകം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ബലാത്സംഗ കേസിൽ നൽകിയ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ച ഡൽഹി ഹൈക്കോടതിയുടെ ഇളവ് കഴിഞ്ഞ മാസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം, കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ സെൻഗാർ സമർപ്പിച്ച അപ്പീൽ ഇപ്പോഴും പരിഗണനയിലാണ്, അതിന്റെ വാദം പിന്നീട് നടക്കും.
