തിരുവനന്തപുരം : കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതിക്ക് തുടക്കമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ നേതൃത്വത്തിൽ
സംസ്ഥാനത്തെ കര്‍ഷക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കര്‍ഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍(എഫ്പിഒ) എന്നിവരായിരിക്കും ഗുണഭോക്താക്കൾ.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ബൃഹത് പദ്ധതിയായ കേര(കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡേണൈസേഷന്‍)യുടെ ഭാഗമാണ് കെഎസ്‌യുഎമ്മിന്റെ അഗ്രിനെക്സ്റ്റ്.
അഗ്രിനെക്സ്റ്റ് പദ്ധതിയില്‍ കര്‍ഷകര്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍, കൃഷി വിദഗ്ധര്‍, കാര്‍ഷിക മേഖലയിലെ സംരഭകര്‍ എന്നിവര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ സ്റ്റാര്‍ട്ടപ്പുകളുമായി പങ്കുവയ്ക്കാം. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനുള്ള പരിഹാരങ്ങള്‍ നല്‍കാം.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് അഗ്രിനെക്സ്റ്റ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന ആശയങ്ങളോ സാങ്കേതിക വിദ്യകളോ ഉള്ള സ്റ്റാര്‍ട്ടപ്പുകളാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. സാങ്കേതികവിദ്യ കര്‍ഷകര്‍ക്കും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭകര്‍ക്കും ഉപയോഗപ്രദമാകണം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌യുഎം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേഷന്‍ നടത്താന്‍ കെഎസ്‌യുഎം പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് സഹായിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകൾക്ക് 25 ലക്ഷം രൂപ ഗ്രാൻ്റ് ലഭിക്കും.
കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്നതിനും സംരഭകത്വത്തിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് അഗ്രി-ടെക് ഇന്‍ക്യുബേഷന്‍ ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പ് കമ്പോണന്റ് കേര പദ്ധതിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ്.
സ്റ്റാര്‍ട്ടപ്പ് കമ്പോണന്റിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനകം കാര്‍ഷിക മേഖലയിലെ 150 പ്രധാന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും ഇത് പരിഹരിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും ആശയങ്ങളും വികസിപ്പിച്ചെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ സൗകര്യം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഈ പദ്ധതിയിലൂടെ കേരളത്തിലെ 40,000 കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും കര്‍ഷകര്‍ക്കും എഫ്പിഒകള്‍ക്കും https://agrinext.startupmission.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
