[ഫോട്ടോ : പ്രതീകാത്മകം]
ചെന്നൈ : കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി-നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം-കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമുള്ള പാതകളാണ് പരിഗണനയിലുള്ളതെന്ന് റെയിൽവെ ബോർഡിന് അയച്ച കത്തിൽ സർക്കാർ പറയുന്നു.
നിർമ്മാണം പുരോഗമിക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി അതിവേഗ റെയിൽ ഇടനാഴികൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനിടെയാണ് കേരളത്തിലേക്കുള്ള പാതകളുടെ സാദ്ധ്യതാപഠനം നടത്താൻ തമിഴ്നാട് മുൻകൈയെടുക്കുന്നതെന്നത് ശ്രദ്ധേയം.
ചെന്നൈയിൽനിന്ന് ഹൈദരാബാദിലേക്കും മൈസൂരിലേക്കുമുള്ള അതിവേഗപാതകൾ കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനുപുറമേ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള പാതകളുടെ സാദ്ധ്യത ആരായാനാണ് തമിഴ്നാടിന്റെ നിർദ്ദേശം. ചെന്നൈയിൽനിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമ്മിക്കാനുള്ള നിർദ്ദേശം 2010-ലെ റെയിൽവെ ബജറ്റിൽ ഉൾപ്പെട്ടിരുന്നതാണ്.
