കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നത് എട്ടുവർഷത്തിനിടെ 15,328 നായകൾ കൂടിയതായാണ് വ്യക്തമായത്. കോർപ്പറേഷനിൽ എ.ബി.സി. പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ തെരുവുനായകളുടെ എണ്ണം ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെയാകുമായിരുന്നെന്നും കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. എ.ബി.സി. പദ്ധതിയിലൂടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻപറ്റിയെന്നാണ് ഇതിലൂടെ വ്യക്തമായതെന്ന് ഡോ. വി.എസ്. ശ്രീഷ്മ കൂട്ടിച്ചേർത്തു.
മൃഗസംരക്ഷണവകുപ്പിന്റെ ചട്ടപ്രകാരം പൂക്കോട് വെറ്ററിനറി കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് സർവ്വെ നടത്തിയത്. സർവ്വെയിലുൾപ്പെട്ട നായകളിൽ 45 ശതമാനം വന്ധ്യംകരണം നടത്തിയവയാണെന്നും വ്യക്തമായി. ബേപ്പൂർ, നടുവട്ടം മേഖലകളിലാണ് തെരുവ് നായ്ക്കൾ കൂടുതലുള്ളത്.
കോർപ്പറേഷനിലെ 76 വാർഡുകളിൽ തിരഞ്ഞെടുത്ത 28 വാർഡുകളിലാണ് സർവ്വെ നടത്തിയത്. തെരുവുനായകൾ കൂടുതലും കുറവുമുള്ള സ്ഥലങ്ങളിലെല്ലാം സർവ്വെ നടത്തി. അന്തിമറിപ്പോർട്ട് രണ്ടാഴ്ചകൊണ്ട് സമർപ്പിക്കും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഏത് പ്രദേശത്താണ് കൂടുതൽ ഊന്നൽ നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി ഇടപെടാനും നിർദ്ദേശം നൽകി.
പ്രാഥമിക റിപ്പോർട്ട് വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, മേയർ ഒ. സദാശിവന് കൈമാറി. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ കെ. രാജീവ്, വി.പി. മനോജ്, വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വീടുകളിൽ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്. എന്നാൽ, പലരും ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണെന്ന് ഡോ. ഗ്രീഷ്മ ഓർമ്മിപ്പിച്ചു. കോർപ്പറേഷനിൽ ആയിരത്തോളം പേർ ലൈസൻസെടുത്തിട്ടുണ്ട്. ലൈസൻസിന് കെ-സ്മാർട്ടിലൂടെ അപേക്ഷിക്കാം. 500 രൂപയാണ് ലൈസൻസ് ഫീസ്. 300 രൂപ മൈക്രോചിപ്പിനും വേണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ലൈസൻസ് നൽകൂ. റാബീസ് വാക്സിൻ കാലാവധി എന്നുവരെയാണോ അതുവരെയാണ് ലൈസൻസ് കാലാവധി. മൈക്രോചിപ്പ് സ്‌കാൻചെയ്താൽ ഉടമയുടെ വിവരം അറിയാൻപറ്റും.
