ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 /ഇഒഎസ്-എന്‍1 ദൗത്യം വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണത്തിൽ ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി 62 ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17-നാണ് വിക്ഷേപണം നടന്നത്. കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇതാദ്യമായാണ് വിക്ഷേപണ വാഹനമായ പിഎസ്എല്‍വി ഒരു ദൗത്യത്തിനായി ഐഎസ്ആർഒ ഉപയോഗിയ്ക്കുന്നത്.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ‘അന്വേഷ’യിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്‌പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം. ഇത് വിജയിച്ചാൽ അതും ചരിത്രമാകും. ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്‍റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി62 ബഹിരാകാശത്ത് എത്തിക്കും.
