വാഷിങ്ടൺ : ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കിൽ ആരംഭിക്കാൻ പോകുന്ന ലൈവ്-ഫയർ നാവിക അഭ്യാസത്തിന് അമേരിക്കയുടെ താക്കീത്. അനാവശ്യമായ സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറാനോട് ആവശ്യപ്പെട്ടു.
യുഎസ് സൈനിക താവളങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഐആർജിസിയുടെ സുരക്ഷിതമല്ലാത്തതോ പ്രൊഫഷണലല്ലാത്തതോ ആയ പെരുമാറ്റം അനുവദിക്കില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. കടലിലെ ഏതൊരു പ്രകോപനപരമായ പ്രവർത്തനവും സംഘർഷത്തിലേക്ക് നയിക്കുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിൽ ഞായറാഴ്ച മുതൽ രണ്ട് ദിവസത്തെ ലൈവ്-ഫയർ നാവിക അഭ്യാസം നടത്തുമെന്നായിരുന്നു ഇറാൻ്റെ പ്രഖ്യാപനം.
ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര സമുദ്ര പാതയാണെന്നും ആഗോള വ്യാപാരത്തിന് അത്യന്താപേക്ഷിതമാണെന്നും എടുത്ത് പറഞ്ഞ അമേരിക്ക, ഏകദേശം 100 അന്താരാഷ്ട്ര വ്യാപാര കപ്പലുകൾ ഈ ഇടുങ്ങിയ പാതയിലൂടെ ദിവസവും കടന്നുപോകുന്നുണ്ടെന്നും സൂചിപ്പിച്ചു.
അന്താരാഷ്ട്ര വ്യോമ, ജല മേഖലകളിൽ പ്രൊഫഷണൽ പ്രവർത്തനങ്ങൾ നടത്താനുള്ള ഇറാന്റെ അവകാശത്തെ യുഎസ് അംഗീകരിക്കുന്നുവെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു. എന്നാൽ യുഎസ് അല്ലെങ്കിൽ സഖ്യസേനയ്ക്കും വ്യാപാര കപ്പലുകൾക്കും സമീപമുള്ള സുരക്ഷിതമല്ലാത്തതോ നിരുത്തരവാദപരമോ ആയ പ്രവർത്തനങ്ങൾ സംഘർഷം, പിരിമുറുക്കം, അസ്ഥിരത എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സൈനികരുടെയും കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സൈനിക കപ്പലുകൾക്ക് മുകളിലൂടെ പറക്കുക, വളരെ താഴ്ന്നോ ആയുധങ്ങളുമായോ പറക്കുക, അതിവേഗ ബോട്ടുകളുമായി ഏറ്റുമുട്ടുക, അല്ലെങ്കിൽ യുഎസ് സേനയ്ക്ക് നേരെ ആയുധങ്ങൾ ചൂണ്ടുക എന്നിവ ഒരു സാഹചര്യത്തിലും സ്വീകാര്യമല്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പരിശീലനം ലഭിച്ചതും മാരകവുമായ സേനകളിൽ ഒന്നാണ് യുഎസ് സൈന്യമെന്നും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവിച്ചു. അതുപോലെ, ഇറാന്റെ ഐആർജിസിയും പ്രൊഫഷണലായും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ആവശ്യപ്പെട്ടു.
