കൊച്ചി: ആലുവ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയുടെ കഴുത്തില്‍ ഷോള്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ, നേര്യമംഗലം സ്വദേശി ബിനുവിനെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്. വാക്കുതർക്കത്തെ തുടർന്ന് ബിനു അഖിലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കൊലപാതക ശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് അഖിലയുടെ മൃതദേഹം കാണിച്ചുകൊടുത്തു. സുഹൃത്തുക്കളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മുൻപും ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.