Monday, January 19, 2026

15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടത് തന്നെ; സ്ഥിരീകരിച്ച് പോലീസ്;ഇസ്രായേലിലുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും

Date:

ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ മാന്നാറ് സ്വദേശി കലയുടേത് കൊലപാതകം തന്നെയാണെന്ന് പൊലീസ്. 2008ലാണ് കലയെ കാണാതായത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും ടാങ്കിൽ രാസവസ്തു ഉപയോഗിച്ചു എന്ന് സംശയിക്കുന്നുണ്ടെന്നും ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ. അതിനായി ഇസ്രായേലിലുള്ള ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചു. കൊന്നു കുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

ഇരുസമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ അനിലിന്റെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരിക്കുന്നതായും പറയുന്നു. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കലയെ ബന്ധുവീട്ടിലായിരുന്നു അനിൽ താമസിപ്പിച്ചിരുന്നത്. ഇവർക്ക് ഒരു മകനുമുണ്ട്.

കലയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വഴക്കിനെ തുടർന്ന് വിനോദയാത്ര പോകാമെന്ന വ്യാജേന കാർ വാടകക്കെടുത്ത് കലയുമായി കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്രപോയ അനിൽ ബന്ധുക്കളായ ചിലരെ വിളിച്ചുവരുത്തി കാറിൽവച്ച് തന്നെ കലയെ കൊലപ്പെടുത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് സൂചന.

മൂന്ന് മാസത്തിന് മുൻപ് ഇത് സംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ ഒരു ഊമക്കത്ത് ലഭിച്ചതാണ് വഴിത്തിരിവായത്. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും പെട്രോളൊളിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചതായും ‘അവളെ തീർത്ത പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...