ഇതാണ് ടീം ഇന്ത്യ; മുൾമുനയിൽ നിന്ന കളിയെ തിരിച്ചു പിടിച്ച് കപ്പിൽ മുത്തമിട്ടവർ;ഹിറ്റ്മാനും കൂട്ടരും ഇന്ത്യയ്ക്ക് സമ്മാനിച്ചത് രണ്ടാം കിരീടം

Date:

ബാർബഡോസ് ∙ ‌ഒരുവേള മോഹങ്ങളെല്ലാം അസ്തമിച്ചെന്ന് കരുതിയതാണ്. പക്ഷെ, ഇത് ടീം ഇന്ത്യ യാണല്ലോ, കൈവിട്ടുപോകുമെന്ന് തോന്നിയ നിരവധി കളികൾ അവസാന നിമിഷം തിരിച്ച് പിടിച്ച് ചരിത്രമുള്ളവർ. ഗ്യാലറിയിൽ കാണികൾ ഒന്നടങ്കം നിശബ്ദമായെങ്കിലും ഗ്രൗണ്ടിൽ കളിക്കാരുടെ മനസ്സിൽ ആവേശത്തിൻ്റെ വിജയതാളം തുടികൊട്ടുകതന്നെയായിരുന്നു – സ്വന്തം മണ്ണിൽ കൈവിട്ടു പോയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സങ്കടം മറക്കാൻ രോഹിത്തിനും ടീമിനും അങ്ങനങ്ങ് കഴിയുമായിരുന്നില്ല. ആവനാഴിയിലെ യഥാർത്ഥ ആയുധമായ കൂട്ടായ ആത്മവിശ്വാസത്തിൽ മിനുക്കിയെടുത്ത കളി മികവ് ഫലം കണ്ടു – ടീം ഇന്ത്യ ‌‌‌ട്വന്റി20 ലോകകപ്പിലെ ലോകകിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ടു. ബാർബഡോസിലെ കെൻസിങ്‌ൻ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 8ന് 169.

വിരാട് കോലി (59 പന്തിൽ 76 റൺസ്), അക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ജസ്പ്രീത് ബുമ്രയുട‌െ (2–18) നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകട‌നവുമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഹെയ്ൻറിച്ച് ക്ലാസന്റെ (27 പന്തിൽ 52) ക്ലാസിക്ക് ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും നിർണ്ണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചു വാങ്ങി. അവസാന ഓവറിൽ ‍ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എട‌ുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

‌ടൂർണ്ണമെന്റിൽ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യന്തര ട്വന്റി20 ക്രിക്കറ്റിൽനിന്ന് ഈ കിരീട വിജയത്തോടെ വിരാട് കോലിയും രോഹിത് ശർമ്മയും വിരമിക്കൽ പ്രഖ്യാപിച്ചു. 

വിജയം കൈപ്പിടിയിലൊതുക്കാൻ അവസാന ഓവർ വരെ ഇന്ത്യ പൊരുതി. ഹാർദിക് പാണ്ഡ്യയുട‌െ അഞ്ചാം പന്തിൽ കഗീസോ റബാദ പുറത്തായതോടെയാണ് ഗാലറിയിൽ വീണ്ടും ശബ്ദമുഖരിതമായത്. കളിക്കളത്തിലേക്കത് പടരാൻ പിന്നെ അധിക സമയമെടുത്തില്ല. ഏവരും പരസ്പരം വാക്കുകൾ ഉരുവിടാതെ ഈ അസുലഭ മുഹൂർത്തത്തെ നെഞ്ചോട് ചേർത്ത് വെച്ച് നിർന്നിന്മേഷരായി നിന്നു. കോലി ആകാശത്തേക്കു വിരൽ ചൂണ്ടി. ഹാർദിക് നിലത്തു മുട്ടുകുത്തി വിതുമ്പി. ക്യാപ്റ്റൻ രോഹിത് ശർമ വിജയമൈതാനത്ത് പിരിമുറുക്കങ്ങളുടെ പിടിവിട്ട് കിട‌ന്നു. ജസ്പ്രീത് ബുമ്ര കമന്റേറ്ററായ ഭാര്യ സഞ്ജന ഗണേശനെ വാരിപ്പുണർന്നു. 

ഹെയ്ൻറിച്ച് ക്ലാസന്റെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക കളിയിൽ മുൻതൂക്കം നേടിയ സമയത്ത് ആദ്യം ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഹാർദിക് പാണ്ഡ്യ. 16–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക്കിന്റെ ഓഫ്സൈഡിന് പുറത്ത് വന്ന പന്തിൽ ബാറ്റു വീശിയ ക്ലാസനു പിഴച്ചു. ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിൽ.
പിന്നെ ബുമ്രയുടെ ഊഴം. 18–ാം ഓവറിൽ മാർക്കോ യാൻസന്റെ വിക്കറ്റ്. ബാറ്റിനും പാഡിനുമിടയിലൂടെ നൂർന്നു കയറിയ പന്ത് സ്റ്റംപിളക്കി കടന്നുപോയി. ഡേവിഡ് മില്ലറായിരുന്നു പിന്നത്തെ പേടിസ്വപ്നം. ഹാർദ്ദിക്കിൻ്റെ അവസാന ഓവറിലെ ആദ്യ പന്ത് മില്ലർ ലോങ് ഓഫിലേക്കു പറത്തി. വായ പിളർന്ന്, പന്ത് പോകുന്ന വഴി നോക്കി മഴവിൽ കണക്കെ പാണ്ഡ്യ മുഖം തിരിക്കുമ്പോൾ സിക്സ് എന്നുറപ്പിച്ച പന്ത് ബൗണ്ടറിക്കരികെ ഉയർന്നു ചാടി തട്ടിയിട്ട് നിലത്തു വീഴും മുൻപേ സൂര്യ കയ്യിലൊതുക്കുന്നതാണ് കണ്ടത്. ഹാർദ്ദിക്കിൻ്റെ മുഖത്ത് മാത്രമല്ല, ടീം ഇന്ത്യയുടെ തന്നെ മിഴികളിൽ വിജയസൂര്യൻ തെളിഞ്ഞ നിമിഷം.

ബാര്‍ബഡോസില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പതിവുപോലെ വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും മൈതാനത്തിറങ്ങി. മാര്‍കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിയത്. ഓവറില്‍ കോലി മൂന്ന് ഫോറുകള്‍ നേടി. ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. എന്നാല്‍ പേസര്‍മാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ്ഡന്‍ മാര്‍ക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. ക്യാപ്റ്റൻ്റെയും പന്തിൻ്റെയും വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് പിന്നാലെ സൂര്യകുമാറും 4 പന്തിൽ 3 റൺസ് എടുത്ത് പുറത്തായി. അക്ഷർ പട്ടേൽ കോലിക്ക് കൂട്ടായി എത്തിയതോടെയാണ് വീണ്ടും ഇന്ത്യൻ ഇന്നിംഗ്സിന് ജീവൻ വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മണിക്കൂറുകൾ നീണ്ട റെയ്ഡ് ; 14.38 കോടി സ്വത്ത് 64.14 കോടിയായി വർദ്ധിച്ചതിൽ  വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി

കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട്...