ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി.
ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. കെട്ടിടം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നെന്ന് പറയപ്പെടുന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏകദേശം 12 പേർ കെട്ടിടത്തിൽ താമസക്കാരായി ഉണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും മറ്റ് ഏജൻസികളും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പരിക്കേറ്റ് ആശുപത്രിയിലുളളവർ :
ജെപിസി ആശുപത്രി – പർവേസ്, 32 വയസ്സ്, നവേദ്, 19 വയസ്സ്, സിസ, 21 വയസ്സ്, ദീപ, 56 വയസ്സ്, ഗോവിന്ദ്, 60 വയസ്സ്, രവി കശ്യപ്, 27 വയസ്സ്, ജ്യോതി, 27 വയസ്സ്
ജി.ടി.ബി. ആശുപത്രി – അഹമ്മദ് (14 മാസം)
