തിരുവനന്തപുരം : ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളും കാൻസർ പ്രതിരോധത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ പല കുടുംബങ്ങൾക്കും വൻ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം ബാദ്ധ്യത ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുള്ള സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്തുകോടി രൂപ വിലയിരുത്തും.
വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതിവിഹിതമായി 2076.02 കോടി രൂപ വകയിരുത്തുന്നു. കേരളത്തിൽ ഉയർന്നുനിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ചുകൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തും. കാസർകോട്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ഇതിനെല്ലാമായി നൂറുകോടി വകയിരുത്തും. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനമാക്കി മാറ്റാൻ റീച്ച് കേരള എന്ന പദ്ധതി നടപ്പാക്കും. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക് മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണ നൽകും. സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. അത്യാഹിത ട്രോമാ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഡിജിറ്റലൈസ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും ഗോൾഡൻ അവർ പ്രൊജക്ട് നടപ്പിലാക്കും.
വയോജനങ്ങൾക്കായി വയോജനവകുപ്പ് രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി പത്തുകോടി രൂപ വകയിരുത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. വയോജനങ്ങൾക്കായി കെയർ ഗിവർ പദ്ധതി അവതരിപ്പിക്കും. വിട്ടുമാറാത്ത രോഗങ്ങൾ, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ, വൈകല്യങ്ങൾ എന്നിവ നേരിടുന്നവരെ സഹായിക്കുന്നതിനായി തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിന് സർക്കാർ – സ്വകാര്യ നഴ്സിങ് കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ആറുമാസ കാലയളവിലേക്കുള്ള സർക്കാർ അംഗീകൃത അന്താരാഷ്ട്ര നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. ഇതിലൂടെ ആവശ്യമുള്ളവർക്ക് പരിചരണവും തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിലും ലഭ്യമാകും. മുതിർന്ന പൗരന്മാരെ സജീവരാക്കുന്നതിന് വയോജന പാർക്കുകളും പകൽവീടുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കും.
ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുകയും മെഡിക്കൽ വിദ്യാഭാസവും ഗവേഷണവും മെഡിക്കൽ ടൂറിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിയും പ്രഖ്യാപിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, പരിശീലനകേന്ദ്രങ്ങൾ, ഗവേഷണ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങഴും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ആരോഗ്യസംവിധാനമാണിത്. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് വകയിരുത്തിയത്.
എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുളുടെ ലഭ്യത ഉറപ്പുവരുത്തുക, സാനിറ്ററി നാപ്കിനുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിനുള്ള സൗകര്യം ഒരുക്കുക, സ്കൂൾ ടോയ്ലറ്റുകൾ വൃത്തിയും ശുചിയുള്ളതുമായി സൂക്ഷിക്കുക തുടങ്ങിയ ഗേൾഫ്രണ്ട്ലി ക്യാമ്പസ് കൂടിയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനും ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തി സംവിധാനങ്ങൾ സൃഷ്ടിക്കും. നാൽപത് വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്തുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്കരിക്കും. കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശ്ശിക ഘട്ടംഘട്ടമായി തീർത്ത് പദ്ധതിയുടെ കാര്യക്ഷണത ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനനത്തിനായി ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി കോസ്റ്റൽ കെയർ യൂണിറ്റുകൾ സ്ഥാപിച്ച് ചികിത്സ ഉറക്കാക്കും. കാൻസർ രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരിഗണന നൽകുന്ന പദ്ധതി നടപ്പിലാക്കും. രോഗനിർണയ ടെസ്റ്റുകൾക്കായി ലാബ് സൗകര്യങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിങ് സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടം രണ്ടുകോടി രൂപ ചെലവിൽ പത്തുലാബുകൾ സ്ഥാപിക്കുന്നതിനായി ഇരുപതുകോടി രൂപ വകയിരുത്തും.
സംസ്ഥാനത്ത് സ്പൈനൽ മസ്കുലാർ അട്രോഫി പോലുള്ള അപൂർവരോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. പകർച്ച വ്യാധികളുടെ കാരണക്കാരാകുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പുതിയ ലാബുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൈപ് 1 പ്രമേഹ രോഗബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകാനും ബ്രിട്ടിൽ ഡയബറ്റിക്കായ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് നൽകാനും കൂടുതൽ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിങ് സെൻസർ നൽകാനും നടപടികൾ സ്വീകരിക്കും. ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമിക്കാൻ സഹായം നൽകും. മിഠായി പദ്ധതിക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്തും.
സംസ്ഥാനത്ത് സാമ്പത്തിക-കുടുംബ ആരോഗ്യ കാരണങ്ങൾ മൂലമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സോഷ്യൽ വർക്ക് പ്രൊഫഷണലുകളുടെ സഹായവും ലഭ്യമാക്കും.
മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിനും കെട്ടിടം നിർമിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി അഞ്ചുകോടി രൂപയും മലപ്പുറത്ത് ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി പത്തുകോടി രൂപയും എറണാകുളം മെഡിക്കൽ കോളേജിന്റെ നവീകരണത്തിനായി പത്തുകോടിയും വകയിരുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.
