Monday, October 12, 2026

ഡിഎംകെ സഖ്യം വിട്ടത്  വൈകോയ്ക്ക് തിരിച്ചടിയായി; എംഡിഎംകെയിൽ നിന്ന് പ്രമുഖരടക്കം150-ലധികം നേതാക്കൾ സ്റ്റാലിനൊപ്പം കൈകോർത്തു

Date:

ചെന്നൈ : ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് എംഡിഎംകെ ജനറൽ കൗൺസിൽ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പേ 150-ലധികം എംഡിഎംകെ പ്രവർത്തകർ ഡിഎംകെയിൽ ചേർന്നു. വൈകോയുടെ തിരിച്ചടിയായി പാർട്ടിയിലെ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരുമടക്കമാണ് എംഡിഎംകെ വിട്ട്  ഞായറാഴ്ച ഡിഎംകെയിൽ ഔദ്യോഗികമായി ചേർന്നത്. ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ ചേർന്നതെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

ശിവഗംഗ, തിരുവള്ളൂർ, വിരുദുനഗർ, തിരുപ്പൂർ ജില്ലകളിലെ എംഡിഎംകെയുടെ നേതൃസ്ഥാനത്ത് നിന്നുള്ളവരുടെ ഈ കടന്നുവരവ് ഡിഎംകെയെ തമിഴ് നാട്ടിലെ പല മേഖലകളിലും ശക്തിപ്പെടുത്തും.
ശിവഗംഗയിൽ നിന്നുള്ള പുലവർ എസ്.സേവന്തിയപ്പൻ, തിരുവള്ളൂരിൽ നിന്നുള്ള ടി.ആർ.ആർ.സെങ്കുട്ടുവൻ, പ്രചാരണ സെക്രട്ടറി തിരുപ്പറൻകുന്ദ്രം അഴഗുസുന്ദരം, വിരുദുനഗറിൽ നിന്നുള്ള ആർ.എം.എസ്.ശേഖർ തുടങ്ങിയ ഉന്നതതല കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും പുതിയ നീക്കത്തിൽ പങ്കാളികളായി.

തമിഴ്‌നാട് ഡോ. അംബേദ്കർ നിയമ സർവ്വകലാശാലയിലെ 40 വിദ്യാർത്ഥികളുടെ ഒരു സംഘവും മുതിർന്ന നേതാക്കൾക്കൊപ്പം ഡിഎംകെയിൽ ചേർന്നു. വരും ദിവസങ്ങളിലും എംഡിഎംകെയുടെ യുവജന, വിദ്യാർത്ഥി വിഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഡിഎംകെയിൽ അണിച്ചേരുമെന്നാണ് നേതാക്കൾ പറയുന്നത്.

2026 മെയ് 4 ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം, ജനങ്ങൾ നൽകിയ ജനവിധിക്ക് വിരുദ്ധമായി തിരശ്ശീലയ്ക്ക് പിന്നിൽ ചില രാഷ്ട്രീയ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എഐഎഡിഎംകെയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും എംഡിഎംകെ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ആരോപിച്ചു. എട്ട് വർഷത്തിലേറെയായി ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായിരുന്ന എംഡിഎംകെ ഇതിനാലാണ് സഖ്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും ജനറൽ കൗൺസിൽ പ്രമേയത്തിൽ പറയുന്നു.

Share post:

Popular

More like this
Related