Wednesday, June 24, 2026

യുദ്ധം നിർത്താനുള്ള സെനറ്റ് വോട്ടെടുപ്പിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്

Date:

വാഷിങ്ടൺ : ഇറാനെതിരെയുള്ള സൈനിക നടപടികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രമേയം യു എസ് സെനറ്റ് പാസ്സാക്കിയതിനെതിരെ കടുത്ത വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം സെനറ്റർമാർ തൻ്റെ നയതന്ത്ര ചർച്ചകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കയുടെ ശത്രുക്കൾക്ക് സഹായവും ആശ്വാസവും നൽകാനാണ് അവർ ശ്രമിക്കുന്നതെന്നും ട്രംപ്  കുറ്റപ്പെടുത്തി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഈ കടുത്ത അതൃപ്തി വ്യക്തമാക്കിയത്. ഇറാൻ നിലവിൽ അതീവ ദുർബ്ബലമായ അവസ്ഥയിലാണെന്നും വലിയ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായി നിൽക്കുന്ന സമയത്താണ് സെനറ്റ് ഇത്തരം ഒരു പ്രമേയം പാസാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വോട്ടെടുപ്പ് തെറ്റായ സമയത്തുള്ളതും അർത്ഥശൂന്യവുമായ ഒന്നാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

ഞാൻ ഇറാനെ പൂർണ്ണമായും പ്രതിരോധത്തിലാക്കി നിർത്തിയിരിക്കുകയായിരുന്നു. അവർ തകർച്ചയുടെ വക്കിലായിരുന്നു, നമുക്ക് ആവശ്യമുള്ളത് എന്തും നൽകാൻ അവർ തയ്യാറായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അവർ അമേരിക്കയെയും അതിന്റെ പ്രസിഡന്റായ എന്നെയും കടുത്ത ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്,” ട്രംപ് തൻ്റെ പോസ്റ്റിൽ കുറിച്ചു.

പ്രമേയത്തെ പിന്തുണച്ച് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്ത നാല് റിപ്പബ്ലിക്കൻ സെനറ്റർമാരെ ‘റിപ്പബ്ലിക്കൻ തോൽവികൾ’ (Republican Losers) എന്ന് വിളിച്ചാണ് ട്രംപ് വിമർശിച്ചത്. ഈ വോട്ടെടുപ്പ് ടെഹ്റാനുമായി ബന്ധപ്പെട്ട തന്റെ ഭരണകൂടത്തിന്റെ ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വാദിച്ചു. ഈ സെനറ്റർമാർ തന്റെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയിരിക്കുകയാണെങ്കിലും താനിത്  എങ്ങനെയും പൂർത്തിയാക്കുമെന്നും തനിക്ക് എപ്പോഴും കാര്യങ്ങൾ വിജയിപ്പിച്ചു ശീലമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ 48-നെതിരെ 50 വോട്ടുകൾക്കാണ് ഇറാനുമായുള്ള യുദ്ധാധികാര നിയന്ത്രണ പ്രമേയം പാസാക്കിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച് ട്രംപിൻ്റെ  പ്രതികരണം പുറത്തുവന്നത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനുമായി കൂടുതൽ സൈനിക സംഘർഷങ്ങളിലേക്ക് പോകുന്നത് തടയുന്നതാണ് ഈ പ്രമേയം. ഇതേസമയം തന്നെ ട്രംപ് ഭരണകൂടം ഇറാനുമായി സമാധാന കരാറിനായുള്ള ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ മാസമാദ്യം പ്രതിനിധി സഭയും ഈ പ്രമേയത്തിന് അംഗീകാരം നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ യുദ്ധം പ്രഖ്യാപിക്കാനുള്ള പ്രസിഡൻ്റിൻ്റെ വിപുലമായ അധികാരങ്ങളെക്കുറിച്ചും ഈ സംഘർഷത്തിൽ അമേരിക്ക കൂടുതൽ ആഴത്തിൽ ഉൾപ്പെടുന്നതിനെക്കുറിച്ചും ജനപ്രതിനിധികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ വോട്ടെടുപ്പ് ട്രംപിന്റെ സ്വന്തം പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളെ കൂടി പരസ്യമാക്കിയിരിക്കുകയാണെന്നതും ശ്രദ്ധേയം.

ഫെബ്രുവരി 28-ന് ആരംഭിച്ച് രാജ്യത്തിനകത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ ഈ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന നിലപാടിലാണ് ഒരു വിഭാഗം റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകളും ഉള്ളത്. സൈനിക നടപടികൾക്ക് അനുമതി നൽകുന്നതിൽ യുഎസ് കോൺഗ്രസിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രമേയത്തെ അനുകൂലിച്ചവർ വാദിച്ചു. പ്രസിഡൻ്റിന് പരിശോധനകളില്ലാതെ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ അധികാരം നൽകരുതെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ വിപരീത സാഹചര്യങ്ങളിൽ ശത്രുക്കൾക്ക് തെറ്റായ സന്ദേശം നൽകാൻ മാത്രമേ ഈ പ്രമേയം ഉപകരിക്കൂ എന്നാണ് ഇതിനെ എതിർത്തവർ ചൂണ്ടിക്കാണിക്കുന്നത്. സൈനിക സമ്മർദ്ദത്തോടൊപ്പം ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ സെനറ്റിന്റെ ഈ നീക്കം അമേരിക്കയുടെ ചർച്ചാ ശക്തിയെ ദുർബ്ബലപ്പെടുത്തുമെന്ന് ട്രംപിൻ്റെ വാക്കുകളും സൂചിപ്പിക്കുന്നു.

Share post:

Popular

More like this
Related

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി....

യൂറോപ്പിൽ കടുത്ത ചൂട്;  തണുപ്പ് തേടി ജലാശയങ്ങളിൽ ഇറങ്ങിയ 40 പേർ മുങ്ങിമരിച്ചു

പാരീസ് : യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി ജലാശയങ്ങളിൽ...

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി’; അഴിമതി ആരോപണവുമായി നിയമസഭയില്‍ പ്രതിപക്ഷം

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചുള്ള ബജറ്റ് പ്രഖ്യാപനത്തില്‍...