[Photo Courtesy :x]
പാരീസ് : യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി ജലാശയങ്ങളിൽ ഇറങ്ങിയ 40 പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഫ്രാൻസിലാണ് ദാരുണ സംഭവം. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മുങ്ങിമരണങ്ങൾ രാജ്യത്തിന് വലിയൊരു വിപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 18 മുതൽ ഇതുവരെ 40 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെക്കുകിഴക്കൻ ഫ്രാൻസിലെ കാർപെന്റാസിൽ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ബോധരഹിതരായി കണ്ടെത്തിയ രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.
ചൊവ്വാഴ്ച ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നുവെന്ന് ‘മെറ്റിയോ ഫ്രാൻസ്’ കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരത്തിൽ താപനില 44.3 ഡിഗ്രി സെൽഷ്യസ് (111.74 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്നു. രാജ്യത്തെ 54 ഡിപ്പാർട്ട്മെന്റുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ്. ബുധനാഴ്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളുടെ എണ്ണം 58 ആയി ഉയരുമെന്നും അധികൃതർ അറിയിച്ചു.
ചൂടിൽ നിന്ന് താല്കാലിക ആശ്വാസം കണ്ടെത്താൻ ആളുകൾ കൂട്ടത്തോടെ കനാലുകളിലും നദികളിലും ചാടുകയാണ്. ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാമെങ്കിലും, സുരക്ഷിതമല്ലാത്തതോ അനുമതിയില്ലാത്തതോ ആയ ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്ന് കായിക മന്ത്രി മരീന ഫെരാരി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അത്യുഷ്ണത്തിൽ ഫ്രാൻസിന് പുറമെ ബ്രിട്ടൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഉയർന്ന താപനില കാരണം പലയിടങ്ങളിലും സ്കൂളുകളുടെ പ്രവർത്തനവും ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഐഫൽ ടവർ ഉൾപ്പെടെയുള്ളവ താല്ക്കാലികമായി അടച്ചുപൂട്ടി. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ടുകൾ പ്രകാരം, ആഗോള ശരാശരിയേക്കാൾ ഇരട്ടിയിലധികം വേഗതയിലാണ് യൂറോപ്പിൽ അന്തരീക്ഷ താപനില വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇത് വരും കാലങ്ങളിൽ ഇത്തരം കടുത്ത ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
‘ഒമേഗ ബ്ലോക്ക്’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥാ വ്യതിയാനമാണ് ഈ കടുത്ത ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ട്. ഗ്രീക്ക് അക്ഷരമായ ഒമേഗയുടെ ആകൃതിയിൽ തണുത്ത വായു സംവിധാനങ്ങൾക്കിടയിൽ ചൂടുള്ള വായു കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണിത്. ഇത് ദിവസങ്ങൾ കഴിയുന്തോറും താപനില ക്രമാതീതമായി ഉയരാൻ കാരണമാകുന്നു.
നിലവിലെ സാഹചര്യങ്ങൾ 2003 ആഗസ്റ്റിൽ യൂറോപ്പിൽ ഉണ്ടായ കടുത്ത ഉഷ്ണതരംഗത്തിന് സമാനമാണെന്ന് മെറ്റിയോ ഫ്രാൻസ് വിലയിരുത്തുന്നു. അന്ന് 16 ദിവസത്തോളം നീണ്ടുനിന്ന ചൂടിൽ യൂറോപ്പിലുടനീളം 80,000-ത്തോളം ആളുകൾ മരണപ്പെട്ടിരുന്നു. ഇപ്പോഴത്തെ ഈ പ്രതിസന്ധി എത്ര നാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല. വരും ദിവസങ്ങളിലും ഫ്രാൻസിൽ കടുത്ത ചൂട് തുടരുമെന്നും വെള്ളിയാഴ്ചയോടെ അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ നിന്ന് താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടുത്ത ചൂട് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതിന് പുറമെ ബിസിനസ്സ് മേഖലകളെയും കാർഷിക വിളവെടുപ്പിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം 15 പ്രധാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിലയിലുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ കഠിനമായ ജോലികൾ ചെയ്യുന്നതിന് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതേസമയം തന്നെ ആൽപ്സ് പർവ്വതനിരകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബ്രിട്ടനും കടുത്ത ചൂടിൻ്റെ പിടിയിലാണ്. തെക്കൻ ഇംഗ്ലണ്ടിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ വകുപ്പായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇത് ജൂൺ മാസത്തിലെ പുതിയ റെക്കോർഡായി മാറിയേക്കാം. ചൂട് കടുത്തതോടെ സ്കൂളുകൾ നേരത്തെ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ സർവ്വീസുകൾ റദ്ദാക്കുകയോ വേഗത കുറയ്ക്കുകയോ ചെയ്തത് യൂറോപ്പിലെ ഗതാഗത ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചു.
സ്പെയിനിലെ കാലാവസ്ഥാ ഏജൻസിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വടക്കൻ സ്പെയിനിലെ നിരവധി നഗരങ്ങൾ തങ്ങളുടെ പരമ്പരാഗത ഉൽസവങ്ങൾ റദ്ദാക്കി. ഭവനരഹിതർക്കും ദുർബലരായ ജനങ്ങൾക്കുമായി മാഡ്രിഡിൽ പ്രത്യേക കാലാവസ്ഥാ അഭയകേന്ദ്രങ്ങൾ (Climate Shelters) തുറന്നിട്ടുണ്ട്.
ബെൽജിയത്തിൽ ചൂട് സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ബ്രസ്സൽസിന് സമീപമുള്ള ഒരു പ്രൈമറി സ്കൂളിലെ ഫൈനൽ പരീക്ഷകൾ അടുത്തുള്ള ഒരു പള്ളിയിലേക്ക് മാറ്റേണ്ടി വന്നു. സ്വിറ്റ്സർലൻഡിൽ നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് ഗണ്യമായി താഴ്ന്നതിനെ തുടർന്ന് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉഷ്ണതരംഗം ബാധിച്ച നഗരങ്ങളിലെല്ലാം ഫാനുകളും എയർ കണ്ടീഷണറുകളും വൻതോതിലാണ് വിറ്റഴിയുന്നത്. വെറും 30 മിനിറ്റിനുള്ളിൽ കടയിലെ എല്ലാ ഫാനുകളും വിറ്റുപോയെന്ന് കടയുടമ പറഞ്ഞു. ലണ്ടനിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിലും ഫാനുകൾ മിനിറ്റുകൾക്കുള്ളിൽ തീരുന്ന അവസ്ഥയാണുള്ളത്. യൂറോപ്പ് മുഴുവൻ ചൂടിൽ വെന്തുരുകുമ്പോൾ, തണുപ്പുള്ള വടക്കൻ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾ കൂട്ടത്തോടെ യാത്ര തിരിക്കുന്ന ‘കൂൾക്കേഷൻ’ (Coolcation) എന്ന പുതിയൊരു യാത്രാ രീതിയും ഇപ്പോൾ സജീവമാകുന്നുണ്ട്. ക്രൊയേഷ്യയിലേക്ക് പോകാനിരുന്ന പല സഞ്ചാരികളും തണുപ്പുള്ള അന്തരീക്ഷം തേടി ഇപ്പോൾ സ്വീഡൻ പോലെയുള്ള രാജ്യങ്ങളിലേക്ക് പോകുകയാണ്.
