Wednesday, August 5, 2026

യുഎന്നിൽ പാക്കിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ ; ‘തീവ്രവാദ ഗ്രൂപ്പുകളെ മുൻനിർത്തി തെറ്റായ പ്രചാരണം നടത്തുന്നു’

Date:

[Photo Courtesy : X]

ന്യൂയോർക്ക് : പാക്കിസ്ഥാൻ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പുകളെ ‘ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാക് ഭരണാധികാരികൾ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് കടുത്ത ഭാഷയിൽ വിമർശിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ.  അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ (UNSC) യോഗത്തിൽ സംസാരിക്കവെയാണ് ഇന്ത്യ കടുത്ത നിലപാടിൽ പ്രതികരിച്ചത്. തങ്ങളുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യയുടെ മേൽ കെട്ടിവെക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി വ്യക്തമാക്കി.

കഴിഞ്ഞ വർഷം, പാക്കിസ്ഥാൻ തങ്ങളുടെ പ്രവിശ്യകളിൽ സജീവമായ നിരവധി തീവ്രവാദ സംഘടനകളെ ഈ പേര് നൽകി തരംതിരിക്കുകയും അവർ ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ ഇസ്ലാമാബാദിന് സാധിച്ചിരുന്നില്ല. പാക്കിസ്ഥാൻ പൗരന്മാരെയും അന്താരാഷ്ട്ര സമൂഹത്തെയും ഒരേപോലെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദപ്രയോഗമെന്നും പർവതനേനി ചൂണ്ടിക്കാട്ടി.

ഇന്ത്യയോടുള്ള ശത്രുത നിലനിർത്താൻ പാക്കിസ്ഥാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ആഖ്യാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ ഒരു ‘സംഘടിത വിദ്വേഷ ഫാക്ടറി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പാക്കിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയ- സാമ്പത്തിക വെല്ലുവിളികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ബാഹ്യ ഭീഷണികളിൽ മാത്രം അവരെ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഈ പ്രചാരണം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

പാകിസ്താന്റെ രാഷ്ട്രീയ ഘടനയെയും ഭരണത്തിൽ സൈന്യത്തിനുള്ള സ്വാധീനത്തെയും ഇന്ത്യൻ പ്രതിനിധി വിമർശിച്ചു. പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭരണഘടനാ ഭേദഗതികൾ സിവിൽ സ്ഥാപനങ്ങൾക്ക് മേൽ സൈനിക സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് പർവതനേനി എടുത്തു പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ അതിർത്തിക്കുള്ളിൽ പാക്കിസ്ഥാൻ നടത്തുന്ന സൈനിക നടപടികളെയും ഇന്ത്യ ശക്തമായി വിമർശിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഇസ്‌ലാമിക ഐക്യദാർഢ്യത്തിന്റെയും ഉയർന്ന തത്ത്വങ്ങൾ പ്രസംഗിക്കുകയും അതേസമയം തന്നെ വിശുദ്ധ റമദാൻ മാസത്തിൽ ദാക്ഷിണ്യമില്ലാതെ വ്യോമാക്രമണം നടത്തുകയും ചെയ്യുന്നത് കാപട്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തങ്ങളുടെ സ്വന്തം പരാജയങ്ങൾ മറച്ചുവെയ്ക്കാൻ അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന നീണ്ട ചരിത്രമാണ് പാക്കിസ്ഥാനുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് പർവതനേനി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Share post:

Popular

More like this
Related

കനത്ത മഴ : സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ...

എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിക്കാൻ കോടതി ഉത്തരവ്

കൊച്ചി : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ...

തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം

ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ്...