തിരുവനന്തപുരം : സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്കോളര്‍ഷിപ്പ് മത്സരം സ്കൂളുകളിൽ സംഘടിപ്പിക്കാന്‍ അനുമതി നൽകിയ യുഡിഎഫ് സർക്കാരിനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ രാജൻ. കേരളത്തിന്റെ പൊതുരാഷ്ട്രീയത്തിൽ വളരെ ഗൗരവമായിട്ടുള്ള ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അതിൽ ഏറ്റവും ഗൗരവതരമായത് സംഘപരിവാര വിധേയത്വത്തിന്റെ എല്ലാവിധത്തിലുള്ള ഇടപെടലുകളും കേരളത്തിലെ ഗവൺമെന്റ് വീണ്ടും വീണ്ടും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണെന്നും കെ. രാജൻ ആരോപിച്ചു.
ആർഎസ്എസ് വിധേയത്വമുള്ള ഒരു സംഘടന തീരുമാനിക്കുന്ന ചോദ്യോത്തരത്തിന് കുട്ടികളെ കൊണ്ട് മറുപടി പറയിപ്പിക്കാൻ പറ്റുന്ന വിധത്തിൽ ബാലഗോകുലത്തിന്റെ ‘മയിൽപ്പീലി’ മാസിക പരീക്ഷ നടത്തുകയും, അതിന്റെ രണ്ടു തലം കഴിഞ്ഞിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാത്രം ഈ വിഷയം അറിഞ്ഞത് എന്ന് പറഞ്ഞത് അപമാനകരമാണെന്ന് കെ. രാജൻ വ്യക്തമാക്കി. എന്താണ് പരീക്ഷ, എന്തിനു വേണ്ടിയാണ് പരീക്ഷ, അതിൽ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ എന്താണ് എന്നതൊന്നും മന്ത്രിക്ക് അറിയില്ല
ലീഗിന്റെ നേതാവ് കൂടിയായിട്ടുള്ള ഒരു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം പ്രവണതകൾ വരുന്നതും, മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നതും അപമാനകരമാണ്. മന്ത്രി അറിഞ്ഞില്ലെങ്കിൽ മന്ത്രിയുടെ തലയ്ക്ക് മീതെ ആരാണ് സംഘപരിവാരത്തിന്റെ ഏജന്റായി ഇങ്ങനെ ചോദ്യം ചോദിക്കുന്നത് എന്ന പ്രശ്നം ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കെ രാജൻ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ തലത്തിൽ നടന്ന ശാസ്ത്രമേളയിൽ ഏറ്റവും പ്രൈമറി തലത്തിൽ ടൈ ബ്രേക്കർ ചോദ്യമെന്താണെന്ന് അറിയില്ലേ? ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരെന്ന ചോദ്യത്തിന് നൽകിയ ഉത്തരം വി.ഡി. സവർക്കർ എന്നായിരുന്നു. അദ്ധ്യാപകർ മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ വരെ ആർ.എസ്.എസിന്റെ വിധേയത്വമുള്ള നടപടിക്രമങ്ങൾ എടുക്കുമ്പോൾ ഒന്നുമറിയാത്ത വിധത്തിൽ മന്ത്രിസഭയിലെ മന്ത്രി ഇരിക്കുന്നത് എങ്ങനെയാണ്?
ശിക്ഷക് സദന്റെ ഗവേണിങ് ബോഡിയിലേക്ക് സംഘപരിവാര അദ്ധ്യാപക സംഘടനയുടെ ഒരു പ്രതിനിധിയെ എടുത്തു. എസ്.സി.ആർ.ടി. (SCERT) ഗവേണിങ് ബോഡിയിലേക്ക് ആർ.എസ്.എസിന്റെ അദ്ധ്യാപക സംഘടന നിശ്ചയിക്കുന്ന പ്രതിനിധിയെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കാൻ തീരുമാനിക്കുന്നതും വളരെ ഗൗരവമുള്ള പ്രശ്നമാണ്. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും ആർ.എസ്.എസ് പ്രതിനിധികളെ പാഠ്യപദ്ധതി നിർണ്ണയ സമിതികളിലേക്ക് ഉൾപ്പെടുത്തുന്നതിലും ഗവൺമെന്റ് സംഘപരിവാരത്തിന് സമ്പൂർണമായി വിധേയത്വം പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ആർ.എസ്.എസ് പിടിമുറുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
യഥാർത്ഥത്തിൽ പവർ കട്ട് ഉണ്ടോ ഇല്ലയോ, വൈദ്യുതിക്ഷാമം ഉണ്ടോ ഇല്ലയോ എന്നുള്ളതിലല്ല തർക്കം. കേരളത്തിൽ ഇപ്പോൾ യഥാർത്ഥ പവർ കട്ട് ക്യാബിനറ്റിലാണ് ഉള്ളത്. ആകെ പവർ ഉള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ബാക്കി 20 മന്ത്രിമാരുടെ തലയ്ക്കകത്തും പവർ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്ര ഏകാധിപത്യപരമായി പെരുമാറുന്നത് മുൻപ് കണ്ടിട്ടില്ലെന്നും ക്യാബിനറ്റിന് കൂട്ടുത്തരവാദിത്വം ഇല്ലാത്ത ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും കെ രാജൻ പറഞ്ഞു.
