[Photo Courtesy: x]
ടെഹ്റാൻ : ഇറാനിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). നാവിക, വ്യോമസേന സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടന്നത് ഞായറാഴ്ച പുലർച്ചെയാണ്.

ഇറാനിയൻ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സൈറ്റുകൾക്കുമെതിരെ ശനിയാഴ്ച യുഎസ് സൈനിക നടപടി സ്വീകരിച്ചതിനുള്ള മറുപടിയാണ് ആക്രമണമെന്ന് ഐആർജിസി പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലുമായി ബന്ധപ്പെട്ട സംഭവത്തിന് മറുപടി നൽകാനെന്ന വ്യാജേന അഞ്ച് ഇറാനിയൻ തീരദേശ സ്ഥാനങ്ങൾ വാഷിംഗ്ടൺ ആക്രമിച്ചതായും ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തെന്ന് കുവൈറ്റ് സൈന്യം
പറയുന്നു. സൈനിക കേന്ദ്രങ്ങളിലെ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികരണം വന്നിട്ടില്ല.

ഹോർമുസ് കടലിടുക്കിനടുത്ത് പനാമ പതാകയുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇറാനിൽ അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഘർഷം ഉണ്ടായത്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
