Thursday, May 28, 2026

കാലങ്ങൾക്കിപ്പുറം പാത്തുമ്മ മകൻ്റെ വിളികേട്ടു ; ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു – കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വൈകാരിക നിമിഷങ്ങൾ !

Date:

കോടാമ്പുഴ : കാലങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിറകണ്ണുകളോടെയാണ് റഹീം കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വീണ്ടും കാലുകുത്തുന്നത്. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയവരോടെല്ലാം ‘മകൻ ഈ വീട്ടിലെത്തി, ഉമ്മാ എന്ന് വിളിച്ചാൽ മാത്രമേ ഇനി നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കൂ, എന്ന് പറഞ്ഞ ആ ഉമ്മ, ഇന്നാ മകൻ്റെ വിളികേട്ടു. ഉമ്മാ ഞാനെത്തി എന്ന് പറഞ്ഞ് ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകിയാണ് പാത്തുമ്മ സ്വീകരിച്ചത്.

സൗദി സമയം ബുധനാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിലാണ് റഹീം നാട്ടിലെത്തിയത്. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 7.35-ഓടെ അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തലെത്തി. ആരവത്തോടെയാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും റഹീമിനെ നാടിന്റെ സ്‌നേഹത്തണലിലേക്ക് വരവേറ്റത്.

രാവിലെ 8 മണിയോടെയാണ് റഹീം വിമാനത്താവളത്തിൽനിന്നും പുറത്തുവന്നത്. സുഹൃത്തുക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരുമടക്കം വലിയൊരു സംഘം തന്നെ പുറത്ത് കാത്ത്നിന്നിരുന്നു. നിറകണ്ണുകളോടെ എല്ലാവരോടും നന്ദി പറഞ്ഞ് റഹീം വീട്ടിലേക്ക് യാത്രതിരിച്ചു. വീട്ടിലും വലിയൊരു ജനക്കൂട്ടം തന്നെ റഹീമിനെ വരവേൽക്കാൻ ഉണ്ടായിരുന്നു. എല്ലാവരോടും കൈവീശിയും നന്ദി പറഞ്ഞും റഹീം ഉമ്മയ്ക്കരികിലേക്ക്.

നിയമക്കുരുക്കുകളെല്ലാം അഴിഞ്ഞെന്നും, സൗദി അധികൃതർ ഉത്തരവിൽ ഒപ്പുവെച്ചുവെന്നും തലേ ദിവസം വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടും മകനെ കാണുന്നതുവരെ ആ ഉമ്മക്ക് ഇത് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ യാഥാർത്ഥ്യം തിരിഞ്ഞറിഞ്ഞ് മകന്റെ നെഞ്ചിൽ ചേർന്നുനിന്ന്  ഉമ്മ എല്ലാവരോടും നന്ദി പറഞ്ഞു. വീടിനുമുന്നിൽ ഒരുക്കിയ ചെറിയ പന്തലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അബ്ദുൽ റഹീം പറഞ്ഞു, ‘പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്.. അതുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല. റിയാദ് എംബസിയിലെ മലയാളികൾ, നാട്ടുകാർ, സുഹൃത്തുക്കൾ, എല്ലാ ലോക മലയാളികൾക്കും വളരെ വളരെ നന്ദി.’ 

2006-ലാണ് ഡ്രൈവർ ജോലിക്കായി റഹീം സൗദിയിലേക്ക് പോയത്. ഡിസംബർ 26-ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലാവുന്നത്. മന:പ്പൂർവമല്ലാത്ത കൈപ്പിഴയായിരുന്നുവെങ്കിലും കോടതി റഹീമിന് വധശിക്ഷ വിധിച്ചു. ക്രൂരമായ കൊലപാതകമെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കുടുംബത്തോട് വ്യക്തിവൈരാഗ്യമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും, അബദ്ധത്തിൽ സംഭവിച്ചുപോയ അപകടമാണെന്നും കരഞ്ഞുപറഞ്ഞിട്ടും കോടതി മുഖവിലയ്ക്കെടുത്തില്ല.  വിചാരണയ്‌ക്കൊടുവിൽ റിയാദിലെ കോടതി അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ച് ജയിലിലടച്ചു. 26 വയസായിരുന്നു അന്ന് റഹീമിന് പ്രായം.

ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദയാധനമായി നൽകിയതോടെ, 2024 ജൂലായ് രണ്ടിന് റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. എന്നാൽ സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് റിയാദിലെ ക്രിമിനൽ കോടതി വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമായത്. ആകെ 47,87,65,347 രൂപയാണ് സമാഹരിച്ചത്. ഇതിൽ 36,27,34,927 രൂപ ഇതുവരെ ചെലവായി. റഹീം സഹായ സമിതിയാണ് കേസ് നടത്തിയത്.

Share post:

Popular

More like this
Related

സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ

ടെഹ്‌റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന്...

‘ഇറാനെ പിന്തുണച്ചാൽ കടുത്ത നിലപാട്’; ഒമാനെതിരെ ട്രംപിൻ്റെ പരസ്യമായ ഭീഷണി!

വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന്  ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ്...