Wednesday, September 30, 2026

പുതപ്പ് നൽകാത്തതിന് റെയിൽവെക്ക് വലിയ പിഴ! ; രണ്ട് യാത്രക്കാർക്ക് നൽകിയത് ഒറ്റ പുതപ്പ് എന്ന് പരാതി

Date:

ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേയ്ക്ക് പിഴ വിധിച്ച് ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. രണ്ട് യാത്രക്കാർക്കുകൂടി ഒരു പുതപ്പ് മാത്രമാണ് ലഭിച്ചതെന്ന പരാതിയിലാണ് നടപടി. സേവനത്തിൽ വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് 25000 രൂപയാണ്
റെയിൽവേയ്ക്ക് പിഴ വിധിച്ചത്.

ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിൽ യാത്രചെയ്ത പരസ്പരം അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഒരു പുതപ്പ് മാത്രം നൽകി എന്നതായിരുന്നു പരാതി. 2022 ഒക്ടോബർ 28-ന് പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിൽ യാത്രചെയ്യവെയാണ് പരാതിക്കാരന് റെയിവെയിൽ നിന്ന് ഇത്തരം അനുഭവമുണ്ടായത്. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ടാണ് അദ്ദേഹം യാത്രചെയ്തതെന്ന് പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ റെയിൽവേ അറ്റൻഡന്റ് ഇരുവർക്കുമായി ഒരു പുതപ്പ്, ഒരു തലയണ, രണ്ട് ബെഡ്ഷീറ്റ് എന്നിവയാണ് നൽകിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

2009-ലെ കേന്ദ്ര സർക്കുലർ പ്രകാരം ആർ.എ.സി. യാത്രക്കാർക്ക് പുതപ്പും ബെഡ്ഷീറ്റും നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനുള്ള ചാർജ് ടിക്കറ്റിൽതന്നെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സൗകര്യം നിഷേധിക്കാനാവില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേ, കരാറുകാരന് 1000 രൂപ പിഴ ചുമത്തിയെങ്കിലും അതിനേക്കുറിച്ച് പരാതിക്കാരനെ അറിയിക്കുകയോ അയാൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ല. കമ്മീഷന് മുൻപിലും റെയിൽവേ ഇക്കാര്യങ്ങൾ പറയുകയോ പരാതിക്കാരന് പ്രത്യേക ബെഡ്റോൾ നൽകിയതായി തെളിയിക്കുന്ന രേഖകൾ  ഹാജരാക്കുകയോ ചെയ്തില്ല. അതിനാൽ സേവനത്തിലെ വീഴ്ചക്ക് റെയിൽവേ കുറ്റക്കാരാണെന്നും പരാതിക്കാരനായ യാത്രക്കാരനുണ്ടായ മാനസികപീഡനത്തിനും യാത്രയിലെ അസൗകര്യത്തിനും നഷ്ടപരിഹാരമായി 20000 രൂപയും കേസിന്റെ ചിലവിനായി 5000 രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.

പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചെങ്കിലും അദ്ദേഹത്തിന് മറുപടി ഒന്നും ലഭിക്കുകയുണ്ടായില്ല. ഈ സംഭവത്തെത്തുടർന്നാണ് തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടിനും സേവനത്തിലെ വീഴ്ചയ്ക്കും നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, ഈ പരാതി ഡൽഹി ഉപഭോക്തൃ കമ്മീഷൻ്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഉത്തര റെയിൽവേ എതിർപ്പ് ഉന്നയിച്ചു. യാത്രക്കാർക്ക് ലഭ്യത അനുസരിച്ച് ആവശ്യപ്പെട്ടാൽ അധികം പുതപ്പു നൽകാറുണ്ടെന്നും ഇപ്പോഴത്തെ പരാതി അലഹബാദ് സെൻട്രൽ റെയിൽവേ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും റെയിൽവേ വാദിച്ചു. എന്നാൽ, പരാതിക്കാരൻ ഡൽഹി കമ്മീഷന്റെ അധികാര പരിധിക്കുള്ളിൽ താമസിക്കുന്ന ആളായതിനാൽ പരാതി പരിഗണിക്കാമെന്ന് കമ്മീഷൻ വിധിച്ചു.

റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ആർ.എ.സി. ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ബെഡ്റോൾ ചാർജ്, ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു പുതപ്പും ഒരു ബെഡ്ഷീറ്റും നൽകേണ്ടതാണ്. ഇത് എസി ക്ലാസ് യാത്രയിലെ അടിസ്ഥാന സൗകര്യങ്ങളിലൊന്നുമാണ്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരാതിപ്പെടാം.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...