തിരുവനന്തപുരം : സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കാൻ വരേണ്ട. താനൊരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകനാണെന്നും മുരളീധരൻ പറഞ്ഞു. നിയമനടപടികൾ വന്നാൽ നോക്കിക്കൊള്ളാമെന്നും അജണ്ടയിൽ ഈശ്വരപ്രാർത്ഥന മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനച്ചടങ്ങിനിടെ വന്ദേമാതരം പൂർത്തിയാക്കും മുൻപ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കാസർഗോഡ് നടന്ന ഉദ്ഘാടന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച സാഹചര്യത്തിലാണ് മന്ത്രി കെ. മുരളീധരൻ, ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി., കല്ലട്ര മാഹിൻ എംഎൽഎ. എന്നിവർ കസേരയിൽ ഇരുന്നത്. ഗാനം പാടിത്തീരുന്നതിന് മുൻപ് തന്നെ ഇവർ ഇരുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. വന്ദേമാതരത്തോട് മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അനാദരവ് കാട്ടിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി മുരളീധരൻ രംഗത്തെത്തിയത്.
