തിരുവനന്തപുരം : വൈദ്യുതി കരാറില്‍ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍ നിന്ന് ടെന്‍ഡര്‍ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെയാണ് യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതെന്നാണ് പിണറായിയുടെ ആരോപണം.
സെപ്റ്റംബര്‍ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കമ്പനിക്ക് യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്‍പര്യപ്രകാരമാണെന്നും പിണറായി ചോദിച്ചു.
വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമെ വൈദ്യുതി വാങ്ങുന്നതിനുള്ള വില നിശ്ചയിക്കാവൂ എന്നിരിക്കെയാണ് ടെണ്ടറിൽ പങ്കെടുക്കാൻ യോഗ്യതപോലുമില്ലാത്ത ഒരു കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് പിണറായി പറഞ്ഞു. വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ വെറും ഓഫറുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തീരുമാനമെടുത്തത്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രമാണ് വിലയെന്നും ഇത്രയും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ജിഎന്‍എ കരാറിലെ അഴിമതി ആരോപണങ്ങളില്‍ ‘കരാറില്‍ ഒപ്പിട്ടില്ലല്ലോ’
എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിണറായി വിജയൻ്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബര്‍ പത്തിലെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ. എന്നാല്‍ കഴിഞ്ഞ മാസം വി.ഇ.എച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
സെപ്റ്റംബര്‍ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വി.ഇ.എച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വി.ഇ.എച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താത്പര്യപ്രകാരമാണ്? ജിഎന്‍എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, ‘കരാറില്‍ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നല്‍കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
