ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ് ചൈനയുടെ ചുവടുവെയ്പ്. 10 ടൺ ക്ലാസ് ഇലക്ട്രിക് പാസഞ്ചർ ജെറ്റ് ആണ് ചൈന വികസിപ്പിച്ചെടുത്തിട്ടുള്ളത്. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനം നവംബർ 14 ന് പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 400 കിലോമീറ്റർ വരെ പറക്കാനും ഇതിന് കഴിയും.
ഷാന്‍ഡോങ് പ്രവിശ്യയില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരുമായാണ് വിമാനം പറന്നുയര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമാക് വികസിപ്പിച്ച വിമാനം 6 മിനിറ്റും 38 സെക്കന്‍ഡും പറന്നു. വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ് ആയാണ് ഇതിനെ കാണുന്നത്.
ഇന്ധനം ഉപയോഗിക്കുന്ന സാധാരണ വിമാനങ്ങൡ നിന്ന് വ്യത്യസ്തമായി, ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്- ഫാന്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഫാനുകള്‍ വഴിയാണ് വിമാനത്തിന് കുതിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്.
