ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?… ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം തന്നെ! കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപാ നോട്ടുകളും, അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളും ഇപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴും ലഭിച്ചു. പഴയ നോട്ടുകൾ പലതും.
ഗുരുവായൂർ ക്ഷേത്രത്തിലെ 2026 നവംബർ മാസത്തെ ഭണ്ഡാര വരവാണ് നവംബർ 13 ന് പൂർത്തീകരിച്ചത്. എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 6,23,73,661 രൂപ. കൂടാതെ 1 കിലോ 313 ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 7 കിലോഗ്രാം 355 ഗ്രാം വെള്ളിയും ലഭിച്ചു. ഇക്കൂട്ടത്തിലാണ് കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ നാലും, നിരോധിച്ച ആയിരം രൂപയുടെ മൂന്നും, നേരത്തെ നിരോധിച്ച 500 – ന്റെ 28 കറൻസികളും ലഭിച്ചത്. ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
പഴയ 500, 1,000 നോട്ടുകളുടെയും 2,000 നോട്ടുകളുടെയും സ്ഥിതി വ്യത്യസ്തമാണ്: 2,000 നോട്ടുകൾ ഇപ്പോഴും ആർബിഐ വഴി മാറ്റിയെടുക്കാനോ അക്കൗണ്ടിൽ വരവുവെപ്പിക്കാനോ കഴിയും. എന്നാൽ 2016-ൽ അസാധുവാക്കിയ പഴയ 500, 1,000 നോട്ടുകൾക്ക് സാധാരണ മാറ്റിയെടുക്കൽ സൗകര്യം ഇപ്പോഴില്ല.
അതേസമയം 2000ത്തിന്റെ നോട്ടുകൾ പ്രചാരത്തിൽനിന്ന് പിൻവലിച്ചതാണ്. അവ അസാധുവാക്കിയതല്ല. നിയമസാധുത ഇപ്പോഴും തുടരുന്നു. സാധാരണ ബാങ്ക് ശാഖകളിലെ നിക്ഷേപ – മാറ്റിയെടുക്കൽ സൗകര്യം 2023 ഒക്ടോബർ 7-ന് അവസാനിച്ചെങ്കിലും ആർബിഐയുടെ 19 ഇഷ്യൂ ഓഫീസുകളിലെ സൗകര്യം തുടരുന്നു. ആർബിഐ ഇഷ്യൂ ഓഫീസിൽ ഒരുതവണ 20,000 രൂപ വരെ ഇങ്ങനെ മാറ്റിക്കിട്ടും. അതായത് പത്ത് 2,000 നോട്ടുകൾ വരെ മാറ്റാം. കേരളത്തിൽ തിരുവനന്തപുരത്തെ ആർബിഐ ഇഷ്യൂ ഓഫീസിൽ ഈ സൗകര്യം ലഭ്യമാണ്. ആർബിഐ ഇഷ്യൂ ഓഫീസ് വഴി നമ്മുടെ സ്വന്തം അക്കൗണ്ടിൽ തുക വരവുവെപ്പിക്കാൻ അപേക്ഷിക്കാനും കഴിയും.
