മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്കുള്ള ബസിൽ നിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്. കേസിൽ പ്രതികളായ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയും നിഷാന്തിന്റെ പിതാവ് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു.
ബസിൽ യാത്ര ചെയ്യുകയായിരുന്ന നിഷാന്തിനെ അധിയമാൻകോട്ട പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പ്രതി ബസിൻ്റെ ജനാലയിലൂടെ പുറത്തുചാടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന തനിഷ്‌ക് ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു കവർച്ച. കവർച്ചയ്ക്ക് മുൻപ് നിഷാന്ത് ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തി സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി. പുതിയ ഷോറൂം ആയതിനാൽ പൂർണ്ണമായ ലോക്കർ സംവിധാനം സജ്ജമായിരുന്നില്ല. കൂടാതെ, രാത്രികാലങ്ങളിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും പ്രതിക്ക് തുണയായി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങൾ കവർന്നത്.
മോഷ്ടിച്ച ആഭരണങ്ങളിൽ സ്വർണ്ണവും വജ്രവും ചാക്കിലാക്കി മാടക്കുളത്ത് ഒരു കൃഷിയിടത്തിൽ കുഴിച്ചിട്ടു. ബാക്കി ആഭരണങ്ങളുമായി നിഷാന്ത് ഒളിവിൽ പോയി. കവർച്ചാസമയത്ത് നിഷാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും പോലീസ് കണ്ടെത്തി.
ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ നിർണ്ണായക വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ടിരുന്ന ആറ് കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കവർച്ച നടത്തിയത് അറസ്റ്റിലായ യുറ്റ്യൂബർ മീനാക്ഷിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നാണ് നിഷാന്തിൻ്റെ മൊഴി.
മീനാക്ഷിയും നിശാന്തും മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇടയ്ക്കുവെച്ച് നിശാന്ത് പഠനം നിർത്തിയെങ്കിലും ഇരുവരും സൗഹൃദം തുടർന്നിരുന്നു. നിശാന്തും യുറ്റ്യൂബറാണ്. വീട് നിർമ്മാണത്തിനും മറ്റുമായി മീനാക്ഷിക്ക് വൻതുക വേണ്ടിവന്നതിനെത്തുടർന്നാണ് നിശാന്ത് ജൂവലറി കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.
നവംബർ 12-ന് കവർച്ചയ്ക്കുശേഷം നിശാന്ത് സ്വർണ്ണം നിറച്ച ബാഗ് അച്ഛൻ സുരേഷിനെ ഏൽപ്പിച്ച് മീനാക്ഷിയുടെ സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സുരേഷ് സ്വർണ്ണം പഴങ്കാനത്തെ വീട്ടിലാണ് ആദ്യം സൂക്ഷിച്ചത്. പിറ്റേന്ന് നിശാന്ത് സ്വർണ്ണം കൊണ്ടുപോയി. നിശാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിശാന്ത് കവർച്ച ദിവസം ഇട്ടിരുന്ന ഷൂസും കൈയുറകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
