തൃശൂർ : പാലക്കാട് തൃക്കങ്ങോട്ടു നിന്ന് യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മഹാരാഷ്ട്രാ സ്വദേശി ഗുരുമൂർത്തിക്ക് ബിഷ്ണോയിയുമായുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേരളത്തിലുമായി പ്രവർത്തനങ്ങൾ നീക്കിയിരുന്ന ഗുരുമൂർത്തിയുടെ പ്രധാന ലക്ഷ്യം സെലിബ്രിറ്റികളുടെ യാത്രാവിവരങ്ങൾ സംഘടിപ്പിക്കലായിരുന്നു. ബിഷ്ണോയി സംഘം ഉന്നം വെയ്ക്കുന്ന സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും ദൈനംദിന സഞ്ചാരം നിരീക്ഷിക്കുകയും അവരുടെ ഫോട്ടോഗ്രാഫുകൾ അടക്കമുള്ള വിവരങ്ങൾ കൈമാറുകയുമാണ് ഗുരുമൂർത്തി ചെയ്തുവന്നിരുന്നത്.
ഓരോ തവണയും ബിഷ്ണോയ് സംഘം ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുമ്പോൾ 10,000 രൂപയ്ക്ക് തുല്യമായ ഡോളർ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. വിവരങ്ങൾ കൈമാറിയിരുന്നതും ഇടപാടുകൾ നടന്നിരുന്നതും ടെലഗ്രാം വഴിയായിരുന്നു.
തമിഴ്നാട്ടിലാണ് ഗുരുമൂർത്തി ജനിച്ചതെങ്കിലും ചെറുപ്രായത്തിൽ തന്നെ മുംബൈയിൽ താമസമാക്കിയ ആളാണ്. തമിഴ് നന്നായി സംസാരിക്കും. ആധാർ കാർഡിലുള്ളത് മഹാരാഷ്ട്ര മേൽവിലാസമാണ്. കേന്ദ്ര ആഭ്യന്തരവകുപ്പിൽ നിന്ന് നേരിട്ട് ലഭിച്ച നിർദ്ദേശമനുസരിച്ചായിരുന്നു തൃശ്ശൂർ റെയ്ഞ്ച് ഐജി ഓഫീസ് ഗുരുമൂർത്തിയെ പിടികൂടാനുള്ള പദ്ധതിയൊരുക്കിയത്. അസിസ്റ്റന്റ് കമ്മിഷണർ ടിആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കങ്ങോട്ടുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്നാണ് ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തത്.
ഗുരുമൂർത്തി താമസിച്ച മുറിയിൽ പരിശോധന നടത്തിയ പോലീസ് കേസിനാസ്പദമായ ചില രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായാണ് വിവരം. കൊച്ചിയിൽ സിനഗോഗ് കത്തിച്ച കേസിലെ പ്രതി എബിൻ ബന്ധപ്പെട്ടിരുന്ന സംഘടനകൾ ഉൾപ്പെടെയുള്ളവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ഒറ്റപ്പാലത്ത് താമസിച്ച് ഒരു പാൽ ബൂത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോഴത്തെ സ്ഥാപനത്തിൽ ഏകദേശം നാലുമാസമായി ജോലി ചെയ്തിരുന്നതായും അതിനു മുമ്പ് സമീപപ്രദേശങ്ങളിലെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. കേരളത്തിലേക്ക് വരുന്നതിന് മുൻപ് ഇയാൾ മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള ഭാരത് കാന്തിവല്ലി വെസ്റ്റിലാണ് താമസിച്ചിരുന്നത്. മുംബൈയിൽ വെച്ച് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിൽ ഇയാളെ സിനിമാതാരങ്ങളെ നിരീക്ഷിക്കുന്ന ജോലി ബിഷ്ണോയി സംഘം ഏൽപ്പിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നു. സിനിമാ താരങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ശേഖരിച്ച ചിത്രങ്ങളും വിവരങ്ങളും വിദേശത്തുള്ള ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾക്ക് കൈമാറി. ഇതിന് പ്രതിഫലമായി തമിഴ്നാട്ടിലെ ഉദുമൽപേട്ടിലുള്ള ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകിയതായും പോലീസ് കണ്ടെത്തി. വിശദമായ തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ തമിഴ്നാട്ടിലെ ഉദുമൽപേട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ചിത്രങ്ങളെടുക്കാൻ ഉപയോഗിച്ച ഫോൺ കണ്ടെത്താനും പോലീസ് ശ്രമിക്കുകയാണ്.
ഫോട്ടോഗ്രാഫറെന്ന ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇയാൾ സെലിബ്രിറ്റികളുടെ ഫോട്ടോകൾ എടുത്തിരുന്നത്. കേരളത്തിലെ സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തുകൊണ്ടാണ് ഒറ്റപ്പാലം തെരഞ്ഞെടുത്തത് എന്നതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. അന്വേഷകർ ഇത്തരം കാര്യങ്ങളിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
