മംഗളൂരു : കൊങ്കൺ റെയിൽവെയെ ഇന്ത്യൻ റെയിൽവെയുമായി ലയിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ നാല് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ കൈയിലാണ് തീരുമാനമിരിക്കുന്നതെന്നും മഹാരാഷ്ട്ര , ഗോവ , കർണാടക , കേരളം എന്നീ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചാൽ മാത്രമെ ഇത് നടപ്പിലാക്കാനാവൂ എന്നും കേന്ദ്ര റെയിൽവെ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനൊപ്പം ഈ നാല് സംസ്ഥാന സർക്കാരുകളും കൊങ്കൺ റെയിൽവെയിൽ പങ്കാളികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യമന്ത്രിമാരോട് ഇന്ത്യൻ റെയിൽവെയുമായുള്ള ലയന നിർദ്ദേശത്തിന് അനുമതി നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കൊങ്കൺ ലയനത്തിന്റെ കൃത്യമായ സമയപരിധി ഇപ്പോൾ പറയാനാവില്ലെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ച ശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കുന്നത് ആലോചിക്കാൻ പോലും സാധിക്കൂ. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മംഗളൂരു – ബംഗളൂരു പാത ഇരട്ടിപ്പിക്കൽ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ഇതിന് സർവ്വെ നടത്താനും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുമുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ ദുർഘടമായ പാതകളിലൊന്നാണ് മംഗളൂരു – ബംഗളൂരു പാത. പശ്ചിമഘട്ടത്തിലൂടെയാണ് ഈ പാതയുടെ വലിയൊരു ഭാഗം കടന്നു പോകുന്നത്. അതീവദുർഘടം പിടിച്ച ഈ പാതയിൽ പലയിടത്തും ട്രെയിനുകൾ പതുക്കെയാണ് സഞ്ചരിക്കുക. പശ്ചിമഘട്ടത്തിലൂടെയുള്ള പാത ഇരട്ടിപ്പിക്കൽ നിർമ്മാണം വെല്ലുവിളി നിറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. ഇരട്ടിപ്പിക്കലിനായി സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യ പാത നിർമ്മിച്ചപ്പോഴുണ്ടായ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടായിരിക്കും പുതിയ പാതയുടെ നിർമ്മാണം. കുത്തനെയുള്ള കയറ്റങ്ങളെ കുറെക്കൂടി നന്നായി കൈകാര്യം ചെയ്യാൻ ഇനി സാധിക്കും. ചെരിവ് ഗണ്യമായി കുറച്ചുകൊണ്ടാണ് രണ്ടാം പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ വന്ദേ ഭാരത് അടക്കമുള്ള സർവ്വീസുകൾ ഈ പാതയിലുണ്ട്. എങ്കിലും വന്ദേ ഭാരതിനും പലയിടത്തും വേഗം കുറച്ച് മാത്രമെ സഞ്ചരിക്കാൻ കഴിയൂ. വന്ദേ ഭാരത് സർവ്വീസ് ഈ റൂട്ടിലെ യാത്ര ഒന്നര മണിക്കൂറോളം കുറച്ചിട്ടുണ്ട്. കുത്തനെയുള്ള ചുരം മേഖലകളിൽ വലിയ തോതിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയാണ് ഇത് സാധിച്ചത്. ട്രാക്ക് വൈദ്യുതീകരണം ദുർഘടങ്ങൾ അവഗണിച്ച് പൂർത്തിയാക്കി. വലിയ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
