Tuesday, September 29, 2026

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Date:

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല, സംഘടനാ പ്രവര്‍ത്തനവും ഭരണഘടനാ അവകാശമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അംഗീകാരമുള്ള സംഘടനകളായാണ് പോലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷിച്ചു.

പോലീസ് സംഘടനകള്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പോലീസ് അസോസിയേഷനുകള്‍ പുന:സംഘടിപ്പിക്കാനോ നിര്‍ത്തലാക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പോലീസ് സംഘടനാ ക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി ആര്‍ അജിത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസിലെ സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണ് എന്നുമായിരുന്നു ജി ആര്‍ അജിത്തിന്റെ വാദം. ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.

2011ലെ കേരള പോലീസ് നിയമപ്രകാരം അംഗീകരിക്കപ്പെട്ട ഒരു സംഘടനയാണ് കേരള പോലീസ് അ സോസിയേഷന്‍. അംഗീകൃത സംഘടനകളുടെ ബൈലോ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവയ്ക്ക് നിയമപരമായ അവകാശമുണ്ട്. ഈ സാഹചര്യത്തില്‍ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ഭണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) പ്രകാരം സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ അംഗങ്ങള്‍ സ്വമേധയാ അംഗീകരിച്ച ഘടനയോടെ ആ സംഘടനയുമായി മുന്നോട്ട് പോകാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

1966ലെ പോലീസ് അവകാശങ്ങളുടെ നിയന്ത്രണം നിയമപ്രകാരം പ്രകാരം സംഘടനകള്‍ക്ക് അംഗീകാരം നല്‍കാനും അത് നിരസിക്കാനും അല്ലെങ്കില്‍ റദ്ദാക്കാനുമുള്ള അധികാരം സര്‍ക്കാരിനില്ല. സംസ്ഥാന പോലീസ് മേധാവിക്കാണ് ഇതിനുള്ള അധികാരം. അംഗീകാരം റദ്ദാക്കുന്നതിന് മുന്‍പ് സംഘടനയ്ക്ക് മറുപടി നല്‍കാന്‍ ന്യായമായ അവസരം നല്‍കണമെന്നാണ് നിയമം. എന്നാല്‍ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ഇതിനുള്ള അവസരവും നല്‍കിയിട്ടില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടുമുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. മൂന്ന് അസോസിയേഷനുകളും നിലനിര്‍ത്തണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ ഈ വിദഗ്ധ നിര്‍ദ്ദെ ഞാൻശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍, സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കുകയാണ് ചെയ്തതെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ജൂലൈയിലെ സര്‍ക്കാര്‍ ഉത്തരവ് വഴി കേരള പൊലീസ് അസോസിയേഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും അതിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുകകളും ബാധ്യതകളും മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. അംഗങ്ങളുടെ അനുമതിയില്ലാതെ കേരള പൊലീസ് അസോസിയേഷന്റെ ബൈലോ ലംഘിച്ച് അംഗത്വ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും ഹൈക്കോടതി കണ്ടെത്തി. ഇത് സംഘടനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Share post:

Popular

More like this
Related

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...