Tuesday, September 29, 2026

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

Date:

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നകള്‍ നേരിട്ടോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിച്ച് ലാഭേച്ഛയില്ലാതെ വില്‍ക്കാന്‍ സര്‍ക്കാരിന് കഴിയും. പേറ്റന്റ് പൊതുജനാരോഗ്യ സംരക്ഷണ അവകാശത്തിനു വിധേയമാണെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ചൂണ്ടിക്കാട്ടി. സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള ‘റിബോസിക്ലിബ്’ മരുന്നിന്റെ അമിത വില ചോദ്യം ചെയ്തുള്ള ഹര്‍ജി  തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

തൃപ്പൂണിത്തുറ സ്വദേശിയായ റിട്ടയേർഡ് ബാങ്ക് ജീവനക്കാരി സരോജമാണ് അര്‍ബുദബാധയെ തുടര്‍ന്ന് ഈ വിഷയം 2022ല്‍ കോടതിയിലെത്തിച്ചത്. അന്ന് 21 ദിവസത്തെ മരുന്നിന് 58,140 രൂപയായിരുന്നു ചെലവ്. കേസ് നടക്കുന്നതിനിടെ ഇവര്‍ മരിച്ചെങ്കിലും കോടതി സ്വമേധയാ നടപടി തുടര്‍ന്നു. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനും മറ്റു ചില രോഗികളും കക്ഷി ചേര്‍ന്നു.

അമിത വില കാരണം അവശ്യ മരുന്നുകള്‍ കിട്ടാത്തവരുടെ ഡാറ്റ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2024ല്‍ രാജ്യത്ത് 80,000 പേര്‍ സ്താനാര്‍ബുദം ബാധിച്ച് മരിച്ചെന്നു അമിക്കസ് ക്യൂറി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ അറിയിച്ചു. ചികിത്സാച്ചെലവിന്റെ 36 ശതമാനവും മരുന്നിന്റേതാണ്. 40 ശതമാനം പേരും കടം വാങ്ങിയാണു ചികിത്സിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റിബോക്‌സിനു പകരം പേറ്റന്റ് കാലാവധി കഴിഞ്ഞ ‘പാല്‍ബോസിക്ലിബ്’ ഉപയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. ഗവേഷണത്തിനും മറ്റുമായി കോടികള്‍ ചെലവുണ്ടെന്നും രോഗികള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കാനാകുമെന്നുമായിരുന്നു മരുന്നു കമ്പനി വാദം.

‘സുകൃതം’ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആത്മഗതം കാന്‍സര്‍ രോഗികളുടെ ദുരവസ്ഥയുടെ നേര്‍ചിത്രമാണെന്നു കോടതി വിധിയില്‍ പരാമർശിച്ചു. ചികിത്സ ചെയ്തു കടത്തില്‍ മുങ്ങുന്നതിനെക്കുറിച്ചാണ് ആത്മഗതം. സിനിമ ഇറങ്ങി 3 പതിറ്റാണ്ട് പിന്നിട്ടിട്ടും അവസ്ഥയ്ക്കു മാറ്റമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...